റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ കരകൗലശ വിദഗ്ധര്‍ കൂടിയെത്തും; 11 രാജ്യങ്ങള്‍, 22 സംസ്ഥാനങ്ങള്‍, 400ഓളം കലാകാരന്മാര്‍, ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലെ കരകൗശല വിസ്മയം നാളെ മുതല്‍


Advertisement

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മേള നാളെ ആരംഭിക്കാനിരിക്കെ ഇത്തവണ മേളയ്‌ക്കെത്തുന്നത് 11 രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍. മേളയ്ക്ക് പതിവായി എത്തുന്ന രാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും ഇത്തവണയുണ്ടാകും.

Advertisement

രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും 400ഓളം കലാകാരന്മാരും മേളയുടെ ഭാഗമാകും. കേരളം വനം വന്യജീവി വകുപ്പിന്റെ പ്രത്യേക പവലിയന്‍ ഇത്തവണ മേളയിലുണ്ടാകും. മുമ്പൊരിക്കല്‍ ചെറിയ രീതിയില്‍ വനംവകുപ്പിന്റെ പവലിയന്‍ ഒരുക്കിയിരുന്നെങ്കിലും ആദ്യമായാണ് വിപുലമായ രീതിയില്‍ മേളയില്‍ പങ്കാളിയാവുന്നത്.

Advertisement

ഇന്റര്‍സിറ്റി കള്‍ച്ചറല്‍ നെറ്റുവര്‍ക്ക് കോര്‍പ്പറേഷന്റെ പൈതൃക പവലിയനും ഇത്തവണത്തെ മേളയുടെ ആകര്‍ഷണമാകും. ഇതിന്റെ കേരള കലാമണ്ഡലത്തെക്കൂടി ഭാഗമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. 33 തരം ഓലക്കുടകളാണ് ഈ പൈതൃക പവലിയനിലുണ്ടാകുക.

മലബാര്‍ മെഡിക്കല്‍ കോളേജും സഹാനി ഹോസ്പിറ്റല്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് കൗണ്ടറും മേളയുടെ ഭാഗമായുണ്ടാകും. മേളയ്ക്കായെത്തുന്നവര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

Advertisement

ഏറെ പരിസ്ഥിതി സൗഹാര്‍ദ്ദദപരമായാണ് മേളയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നേരത്തെ സ്റ്റാളുകള്‍ ഭാഗിക്കാന്‍ വാടകയ്ക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നെങ്കില്‍ ഇത്തവണ മരത്തില്‍ തയ്യാറാക്കിയ സ്റ്റാളുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്. ക്രാഫ്റ്റ് വില്ലേജിനെ കാര്‍ബണ്‍ ന്യൂട്രല്‍ ഡസ്റ്റിനേഷന്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

158 സ്റ്റാളുകളാണ് ഇത്തവണ മേളയിലുണ്ടാകുക. നബാര്‍ഡിന്റെ പ്രത്യേക പവലിയനും ഉണ്ടായിരിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പുകള്‍, ഭാരത വസ്ത്രമന്ത്രാലയം, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ രണ്ടാമത്തേതുമായ കരകൗരശല മേളയാണിത്. സര്‍ഗാലയയുടെ 11ാമത് വാര്‍ഷിക മേളയാണിത്. ജനുവരി എട്ടുവരെയാണ് മേള.