ലീഗ് നേതൃത്വമുള്ള നാദാപുരം അര്‍ബന്‍ ബാങ്കില്‍ വിവാദമായി ബി.ജെ.പി പ്രവര്‍ത്തകന്‍റെ നിയമനം; ഭരണസമിതിക്കെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി


കോഴിക്കോട്: മുസ്ലിം ലീഗ് നെതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം അര്‍ബന്‍ ബാങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയിലാണ് വിവാദ നിയമനം നടന്നത്. പ്രസ്തുത നിയമന തീരുമാനത്തില്‍ നിന്ന് ബാങ്ക് ഭരണസമിതി പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

ബി.ജെ.പി പ്രവര്‍ത്തകനെ നിയമിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൂട്ടുനിന്നെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. ആര്‍.എസ്.എസുകാരനെ കോണ്‍ഗ്രസുകാരനായി ചിത്രീകരിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരില്‍ ഒരാള്‍ കത്ത് നല്‍കിയതിനെക്കുറിച്ചും, നിയമനം നടത്താന്‍ ഒത്താശ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടുമുള്ള പ്രമേയമാണ് യോഗം പാസാക്കിയത്.

മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ചേറോട് ചേന്ദമംഗലം സ്വദേശിയായ ബി.ജെ.പിക്കാരനെ 10 ലക്ഷം രൂപ കോഴ വാങ്ങി ബാങ്കില്‍ നിയമിച്ചെന്നാണ് ആരോപണം.
ചേറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും, ചേറോട് ശാഖാ ലീഗ് കമ്മിറ്റിയുടെയും ശിപാര്‍ശക്കത്തിന്റെ അടിസ്ഥാത്തിലാണ് നിയമനം നടത്താന്‍ ബാങ്ക് ഭരണസമിതി തീരുമാനമെടുത്തതെന്നാണ് ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം.

എന്നാല്‍ നിയമന വിവാദം ശക്തിപ്പെട്ടതോടെ, ബാങ്കില്‍ നിയമിതനായ വ്യക്തിയെ ബി.ജെ.പി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതേസമയം മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട നിയമനവുമായി ബന്ധപ്പെട്ട കത്ത് മണ്ഡലം കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ തന്നെ നിയമനപ്രശ്നത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം നെരത്തേ തന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സജീവനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

മിശ്രവിവാഹിതനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കഴിഞ്ഞവര്‍ഷം അര്‍ബന്‍ ബാങ്കില്‍ നിയമനം നല്‍കാനുള്ള നീക്കം ലീഗ് നേതൃത്വം തടഞ്ഞിരുന്നു. എന്നിട്ടും ബി.ജെ.പിക്കാരന് നിയമനം നല്‍കിയതാണ് കോണ്‍ഗ്രസ് നേതൃത്വം ഇടഞ്ഞതിന് കാരണം.

Summary: Controversial appointment of BJP worker in League-led Nadapuram Urban Bank; Congress Constituency Committee with a resolution against the Governing Body