കോച്ചുകള്‍ വെട്ടിക്കുറച്ചു, പരശുറാമിലെ തിരക്കില്‍ കുഴഞ്ഞുവീണ് യാത്രക്കാരി; കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ കോടതിയിലേക്ക്‌


കണ്ണൂര്‍: പരശുറാം എക്‌സ്പ്രസില്‍ തിരക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യവുമായി യാത്രക്കാര്‍. രണ്ട് കോച്ചുകള്‍ കൂടി കൂടുതല്‍ അനുവദിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്‌. ഇതിനായി കോടതയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുവാണ് അസോസിയേഷന്‍.

നിലവില്‍ ബ്രേക്ക് വാന്‍ ഉള്‍പ്പെടെ 21 കോച്ചുകളാണ് പരശുറാമില്‍ ഉള്ളത്. വന്ദേഭാരതിന് വേണ്ടി കൊയിലാണ്ടിയിൽ പിടിച്ചിടാതെ പരശുറാം അൽപ്പം നേരത്തെ കോഴിക്കോടെത്തിക്കുക, പരശുറാം എക്‌സ്പ്രസിൽ രണ്ടു കോച്ചുകൾ കൂടി വർധിപ്പിക്കുക, മംഗളുരു -കോഴിക്കോട് എക്‌സപ്രസ് അര മണിക്കൂർ നേരത്തെ പുറപ്പെടുക, മറ്റു വണ്ടികളെ പിടിച്ചിടാതിരിക്കാൻ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും കേസ് ഫയല്‍ ചെയ്യുക.

പരശുറാം എക്‌സ്പ്രസിലെ തിരക്കില്‍പ്പെട്ട് തിങ്കളാഴ്ച പെണ്‍കുട്ടി ബോധരഹിതയായി വീണിരുന്നു. രാവിലെ ട്രെയിന്‍ കോഴിക്കോട് എത്താറായപ്പോഴാണ് സംഭവം. ലേഡീസ് കോച്ചില്‍ ബോധരഹിതയായി വീണ പെണ്‍കുട്ടിയെ കോഴിക്കോട് സ്‌റ്റേഷനില്‍ ഇറക്കാന്‍ തന്നെ പ്രയാസപ്പെട്ടുവെന്ന് കൂടെയുള്ള യാത്രക്കാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ജനറല്‍ കോച്ചില്‍ ശ്വാസം മുട്ടി യാത്രക്കാരി തളര്‍ന്നു വീഴുന്ന രണ്ടാമത്തെ സംഭവമാണിത്.

കോച്ചിനുള്ളിലേക്ക് കയറാന്‍ പോലും പറ്റാത്തവിധം തിരക്കായിരുന്നു തിങ്കളാഴ്ച പരശുറാമില്‍. ഒരു കൈകൊണ്ട് മാത്രം കൈപ്പിടിയില്‍ പിടിച്ച് വാതില്‍ക്കല്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന അത്രയും തിരക്കായിരുന്നു. പാസഞ്ചര്‍, എക്‌സപ്രസ് ട്രെയിനുകളില്‍ പ്രഥമശുശ്രൂഷ കിറ്റുകളും മരുന്നുകളും ഇതുവരെയും ഇല്ല. കോച്ചുകളില്‍ മരുന്നും കിറ്റും ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

അഞ്ചു വര്‍ഷം മുമ്പ് പരശുറാം എക്‌സ്പ്രസിലെ കോച്ചുകള്‍ കുറച്ചിരുന്നു. തുടര്‍ന്ന് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് പരാതി നല്‍കി. പിന്നാലെ കോച്ചുകള്‍ 22ആയി മാറ്റി. എന്നാല്‍ പിന്നീട് നാഗര്‍കോവിലിന്റെ പ്ലാറ്റ്‌ഫോമിന്റെ സൗകര്യക്കുറവ് പറഞ്ഞ് അത് പിന്‍വലിച്ചു.