പത്താംക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; യൂട്യൂബില്‍ വീഡിയോ കണ്ട് ചെയ്തതെന്ന് വിശദീകരണം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സതേടിയെത്തിയ കുട്ടിയ്ക്ക് രക്ഷയായത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പതിനഞ്ചുവയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്.
ചെറിയ സ്റ്റീല്‍ മോതിരമാണ് കുടുങ്ങിയത്. ജനനേന്ദ്രിയമാകെ വീര്‍ത്ത് വലുതായ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്നിരക്ഷാസേനയുടെ സഹായംതേടുകയായിരുന്നു.
വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേന പ്രത്യേക ഫ്ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു. ഡോക്ടര്‍മാരുടെയും മറ്റും സഹായത്തോടെയാണ് മുറിച്ചെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശ്ശേരി, എം.ടി. റഷീദ്, ചാസിന്‍ ചന്ദ്രന്‍, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.