കാലികപ്രസക്തമായ നാടകങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിച്ച എഴുത്തുകാരന് വിട; കൊയിലാണ്ടി ചേലിയ സ്വദേശി നാടകകൃത്ത് ഒ ഉദയചന്ദ്രൻ അന്തരിച്ചു


കൊയിലാണ്ടി: ജീവിതഗന്ധിയായ ഒട്ടേറെ നാടകങ്ങൾ മലയാളത്തിന് സമ്മാനിച്ച കൊയിലാണ്ടി സ്വദേശി ഒ ഉദയ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. ഇന്ന് രാവിലെ കൊയിലാണ്ടി ചേലിയയിലുള്ള ശ്രുതിലയത്തിൽ വെച്ചായിരുന്നു അന്ത്യം.

നാടകം ജീവിതത്തിന്റെ ഭാഗമാക്കിയ ഉദയചന്ദ്രൻ തന്റെ കഠിന പ്രയത്നത്തിലൂടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചു. എഴുപതുകളിലും എൺപതുകളിലും നാടക രചയിതാവും ഗാന രചയിതാവും സംവിധായകനുമായി വിളങ്ങിയ സകല കലാ വല്ലഭൻ, കോഴിക്കോട്ടെ നാടക വേദികളിൽ നിറഞ്ഞുനിന്ന നാടകക്കാരൻ, അരങ്ങിന്റെ സാധ്യതകൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ഒറ്റയാൻ അങ്ങനെ ഉദയചന്ദ്രന്റെ കിരീടത്തിൽ നിരവധി പൊൻ തൂവലുകൾ ആണ് തിളങ്ങിയത്.

സംഗ്രാഹം, ശ്രുതിലയം, പാതിരാവിൽ കണ്ട സ്വപ്നം, ചിതയിൽ നിന്നും ചിലർ, വലംപിരിശംഖ് തുടങ്ങി വിവിധ നാടകങ്ങൾ തന്റെ തൂലികയിൽ വിരിഞ്ഞു. സാമൂഹികമായ ഉത്ക്കണ്ഠ പുലർത്തുന്ന കാലികപ്രസക്തമായ രചനകളായിരുന്നു ഉദയചന്ദ്രന്റെ നാടകങ്ങളുടെ പ്രത്യേകത.

പരേതരായ പിലാശ്ശേരി രാവുണ്ണി നായരുടേയും ഒതയമംഗലത്ത് സൗദാമിനി അമ്മയുടേയും മകനാണ്. ഗീതയാണ് ഭാര്യ. മകൻ ജിതിൻ ചന്ദ്രൻ. സഹോദരങ്ങൾ: വനജ ( കോൺഗ്രസ്സ് കരുവിശ്ശേരി മണ്ഡലം സെക്രട്ടറി), ശൈലജ, പരേതരായ സുധാകരൻ, മദനമോഹൻ, നിർമ്മല.

 

പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/09/22) അറിയിപ്പുകൾ