പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/09/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

കൂടരഞ്ഞി പഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു

പോഷന്‍ മാ ആചരണത്തിന്റെ ഭാഗമായി ‘ജല സംരക്ഷണത്തിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ അമ്മമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് നടത്തിയ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്  ഉദ്ഘാടനം ചെയ്തു.

വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ  നടത്തുന്ന പോഷണ്‍ അഭിയാന്‍  പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ്  ‘പോഷന്‍ മാ’ ആചരണം

ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുക  എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍,  സ്ഥിരംസമിതി അധ്യക്ഷന്മാരായ റോസ്ലി ജോസ്, ജോസ് തോമസ്, വി എസ് രവീന്ദ്രന്‍, ജലജീവന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ ക്രിസ്റ്റീന, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഫസ്ലി, ബെല്‍ബിന്‍ സെബാസ്റ്റ്യന്‍, മറ്റ് ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്റര്‍

പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്റര്‍ ‘ഓര്‍ക്കിഡ്’ ന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടാവുന്ന മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്ററിലൂടെ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനാവശ്യമായ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന് ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. മുഴുവന്‍ ക്ലാസുകളും ഇതിനോടകം സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളും മികവ് പുലര്‍ത്തുന്നതാണ്.

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീലത ടി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം സിജി എന്‍ പരപ്പില്‍, പി.ടി.എ പ്രസിഡന്റ് പി.എം രാമചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ സി.ഷീബ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു നന്ദിയും പറഞ്ഞു.

കോരപ്പുഴ ഡ്രഡ്ജിംഗ് പ്രവൃത്തി: അവലോകന യോഗം ചേര്‍ന്നു

കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് തുടങ്ങുവാനും കരാറുകാരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും  സ്ഥലം സന്ദര്‍ശിച്ച് ആവശ്യ നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശിച്ചു. ഒക്ടോബര്‍ 15 ന് പ്രവൃത്തി ഉദ്ഘാടനം നടത്താനും യോഗത്തില്‍ തീരുമാനമായി.

കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശാലു സുധാകരന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി സരിന്‍, ബേപ്പൂര്‍ മറൈന്‍ സര്‍വേയര്‍ വര്‍ഗീസ്, മറ്റ് ഉദ്യോഗസ്ഥര്‍, കോരപ്പുഴ സംരക്ഷണ സമിതി അംഗങ്ങള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അറിയിപ്പുകള്‍

പശു വളര്‍ത്തലില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 23,24 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ സെപ്തംബര്‍ 22 ന് മുമ്പായി എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 04972-763473, 9446471454.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വിവിധ ലാബുകളിലുളള ഉപകരണങ്ങള്‍ കാലിബറേറ്റ് ചെയ്യുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സെപ്തംബര്‍ 20ന് ഉച്ചയ്ക്ക് രണ്ടുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 0495 2383210.

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പനക്ക്

അഡാക്-കല്ലാനോട് ഹാച്ഛറി(ഫിഷറീസ്) യില്‍ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങള്‍ വില്‍പനക്ക് തയ്യാറായിട്ടുണ്ട്. വലിപ്പം 8-10സെ.മി (ജൈവത്തീറ്റ നല്‍കി വളര്‍ത്തിയത്) ആവശ്യമുള്ളവര്‍ 7593833882 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉല്‍പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും (ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍, ചുമര്‍ അലങ്കാര വസ്തുക്കള്‍ കമ്പോസ്റ്റ് പാത്രങ്ങള്‍ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 24 വൈകീട്ട് അഞ്ചുമണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ രജിസ്‌ട്രേഡ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2727010. www.keralapottery.org.

പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫി മത്സരം

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചന, ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിക്കുന്നു. വിഷയം- മുതിര്‍ന്ന പൗരന്മാരായ ‘സ്ത്രീകളുടെ ഉല്‍പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും’. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കും. മത്സരത്തിനുളള എന്‍ട്രികള്‍ എ4 സൈസില്‍ സെപ്തംബര്‍ 30നു മുന്‍പായി [email protected] എന്ന മെയിലിലോ നമ്മുടെ കേരളം ആപ്പ് മുഖേനയോ ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് നേരിട്ടോ അയക്കാം. ഫോണ്‍-0495 2371911.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ഭിന്ന ശേഷി വിഭാഗത്തില്‍പെട്ട മികച്ച ജിവനക്കാരന്‍(ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍). സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എന്‍.ജി.ഒ, ജില്ലാ പഞ്ചായത്ത,് ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കൂടാതെ മികച്ച മാതൃകാ വ്യക്തി(ഭിന്നശേഷി വിഭാഗം), മികച്ച കായിക താരം(ഭിന്നശേഷി വിഭാഗം) ഉള്‍പ്പെടെ 20 ഓളം വിഭാഗത്തില്‍ അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10. www.swdkerala.gov.in.

താല്‍പര്യപത്രം ക്ഷണിച്ചു

കോടഞ്ചേരി വില്ലേജിലെ ചെമ്പുക്കടവ് വേണ്ടേക്കം പൊയില്‍ ട്രൈബല്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് ഒന്നരയേക്കര്‍ വരെയുളള വാസയോഗ്യമായ ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ഭൂവുടമകളില്‍ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. ഭൂമി വില്‍ക്കുന്നതിന് താല്‍പര്യമുള്ളവര്‍ താല്‍പര്യപത്രം താമരശ്ശേരി താലൂക്ക് ഓഫീസില്‍ ലഭ്യമാക്കണം. താല്‍പര്യപത്രം സെപ്തംബര്‍ 30ന് വൈകുന്നേരെ 4 മണിക്കു മുമ്പായി അയക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

‘ഞങ്ങളും കൃഷിയിലേക്ക്’ മൂടാടിയില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

മൂടാടിയില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാം വാര്‍ഡില്‍ ജവാന്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സ്‌കൗട്ട് ആന്‍ഡ് ഗൈഡും കൊയ്ത്തിന് സഹായിക്കാനെത്തി. എളമ്പിലാട് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൃഷി പഠിക്കാനും കൊയ്ത്ത് കാണാനും പാടത്ത് എത്തിയതും വിളവെടുപ്പിന് ഉത്സവപ്രതീതി പകര്‍ന്നു. കൃഷി ഓഫീസര്‍ കെ.വി നൗഷാദ് പദ്ധതി വിശദീകരിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹറ ഖാദര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.വി ഉസ്‌ന, വി.കെ രവീന്ദ്രന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ്, പി.ടി.എ പ്രസിഡന്റ് വി.വി സുരേഷ്, വിജയരാഘവന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍ ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എം.ടി റെജുല സ്വാഗതവും ജവാന്‍ കൃഷിക്കൂട്ടം കണ്‍വീനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ ടി.കെ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ ദീപ, സ്‌കൗട്ട് ക്യാപ്റ്റന്‍ എ.സീന, കൃഷി അസിസ്റ്റന്റ് വിജില വിജയന്‍, ജവാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ കൊയ്ത്തിന് നേതൃത്വം നല്‍കി.

Summary: Prd press release on September 20