രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു; സവിശേഷതകള്‍ അറിയാം


ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു. കേന്ദ്രധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ നാണയം പുറത്തിറക്കുക.

നാണയത്തിന്റെ ഒരു വശത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ഉണ്ടാകും. സന്‍സദ് സങ്കുല്‍ എന്ന് ദേവനാഗരി ലിപിയിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്യും.

നാണയത്തിന്റെ മറുവശത്ത് സത്യമേവ ജയതേ എന്ന വാക്കുകള്‍ ആലേഖനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രം ഉണ്ടാകും. ഇടത്തും വലത്തുമായി ദേവനാഗരി ലിപിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യയെന്നും എഴുതും.

വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.

ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ചൂണ്ടിക്കാട്ടി 19 പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്തമായി ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ബി.ആര്‍.എസും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.