എസ്.ഡി.പി.ഐയേയും നിരോധിച്ചേക്കും; കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് നിര്‍ണ്ണായകം


ഡല്‍ഹി: പോപുലർ ഫ്രണ്ടിന്റെ നിരോധാനത്തിന്റെ പിന്നാലെ എസ്.ഡി.പി.ഐ നിരോധനത്തിനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് സൂചന. അതേസമയം പോപുലർ ഫ്രണ്ടിന്റെ നിരോധാനം അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണിത്. സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നു എന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നു എന്നും എസ്.ഡി.പി.ഐ പ്രതികരിച്ചു.


അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എട്ട് അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. രാഷ്ട്രീയ പാർട്ടി ആയതിനാൽ എസ്.ഡി.പി.ഐയുടെ നിരോധനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണായകമാണ്.

രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന കാരണത്താലാണ് സംഘടന നിരോധിച്ചെതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരളഎന്നീ സംഘടനകളെയാണ് നിരോധിച്ചത്. ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ 2 വര്‍ഷം വരെ തടവും ലഭിക്കാം.