‘അകലാപ്പുഴയിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ യുവാക്കളെ രക്ഷിച്ചത് മറ്റു ബോട്ടുകാർ’; ടൂറിസം പദ്ധതിക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണം, ടൂറിസം വികസനത്തിന്‌ തടയിടാൻ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമമെന്ന് ആരോപണം


തിക്കോടി: ‘അകലാപ്പുഴയിൽ ചെറു ഫൈബർ തോണി എടുത്ത് തുഴഞ്ഞ് 4 യുവാക്കൾ തുഴയുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ബാക്കി മൂന്നു പേരെയും കരയ്‌ക്കെത്തിച്ചത് ബോട്ടുകാരാണ്. ശിക്കാര ബോട്ടിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് അവരെ രക്ഷപെടുത്താൻ സാധിച്ചത്. എന്നാൽ ഇതേ അപകടത്തെ മുൻനിർത്തി റവന്യൂ അതൃകൃതർക്ക് നിരന്തരം പരാതികൊടുത്ത് ഈ ടൂറിസം മേഖലയെ തന്നെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുകയാണ്.’ ബോട്ട് സർവീസുകൾ താത്കാലികമായി നിർത്തി വെയ്ക്കാൻ എടുത്ത തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം.

വളരെ ചെറിയ കാലയളവിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച വികസനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് ഏറെ യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. കോഴിക്കോടിന്റെ കുട്ടനാട് എന്ന പേരിൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ രാജ്യാന്തര ശ്രദ്ധ നേടുകയുണ്ടായി. എന്നാൽ ഞായറാഴ്ച ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഇന്നലെ അധികാരികൾ ചേർന്ന യോഗത്തിൽ ബോട്ട് സർവീസ് താത്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.

പ്രകൃതി സൗന്ദര്യം കൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട അകലാപുഴ കായലിൽ കാലങ്ങൾക്ക് മുമ്പേ നാട്ടുകാരും പരിസര പ്രദേശങ്ങളിലുള്ളവരും കളിവഞ്ചികളും കൊതുമ്പു വള്ളങ്ങളിലും, മറ്റു വലിയ തോണികളിലും കായൽ ഭംഗി ആസ്വദിക്കാൻ എത്തിച്ചേരാറുണ്ട്. ആഴവും അടി ഒഴുക്കും തീരെ കുറവുള്ള കായലിൽ ഇക്കാലത്തിനിടയിൽ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഈ അടുത്ത കാലത്തായി കായൽ സന്ദർശിക്കാൻ ആളുകളുടെ എണ്ണം വർധിച്ചപ്പോൾ ആണ് നാട്ടുകാരിൽ ചിലർ ചേർന്ന് ശിക്കാരാ ബോട്ടുകൾ നിർമ്മിച്ച് ആളുകളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ അകലാപ്പുഴ ടൂറിസം വികസനത്തിന്‌ തടയിടാൻ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമം നടത്തുന്നതായി അകലാപ്പുഴ ടൂറിസം സംരക്ഷണ സമിതി പറഞ്ഞു.

സുരക്ഷ മുൻകരുതലുകൾ പൂർണമായും പാലിച്ചാണ് ശിക്കാരി ബോട്ടുകൾ പണിതിരിക്കുന്നത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജജീകരിച്ചാണ് കായൽ യാത്ര നടത്താറുള്ളത്. ശിക്കാരാ ബോട്ടുകൾ കൂടുതൽ പ്രചാരത്തിലായതോടെ ഇവിടം വിവിധ നാടുകളിലുള്ള സഞ്ചാരികൾ കൂട്ടത്തോടെ വരാൻ തുടങ്ങി. ഇത് പ്രമുഖ ടൂറിസം മേഖലയിലെ ഇൻവെസ്റ്റേഴ്സിനെയും ഹൈറേഞ്ച് റിസോർട് മുതലാളിമാരെയും ഭാവിയിൽ ദോഷകരമായി ബാധിക്കും എന്നുള്ള ഭയപ്പാടിൽ നിന്നാണ് ഈ ടൂറിസം പദ്ധതിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത് എന്നാണ് ടൂറിസം സംരക്ഷണ സമിതി ആരോപണം.

പോർട്ട്‌ അതോറിറ്റിയിൽ നിന്നും അനുമതി നേടിക്കൊണ്ട് തന്നെയാണ് ബോട്ടുകൾ നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഇറങ്ങുന്ന ബോട്ടുകൾ അനുമതിയില്ലാതെ നിർമാണം നടത്തിയവയാണ് എന്ന പ്രചാരണം ശരിയല്ല. ബോട്ടുകളുടെ പരിശോധന പൂർത്തിയാക്കി കായൽ യാത്രക്കുള്ള പെർമിറ്റുകളും വിതരണം ചെയ്തു വരുന്നു. ടൂറിസം കേന്ദ്രങ്ങൾ പൊതു കായലിലായത് കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും മേൽനോട്ടവും നിയന്ത്രണവും കൂടി ഈ പദ്ധതിക്ക്‌ ആവശ്യമായി വരുന്നുണ്ട്. അതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു വരുന്നുണ്ട് എന്നും അകലാപ്പുഴ ടൂറിസം സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.