ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു


കോഴിക്കോട്: ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ചെറുവാടി സ്വദേശിയും ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകനുമായ സുബൈര്‍ അല്‍ കൗസരി (സുബൈര്‍ മൗലവി) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യുസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

ഖത്തറില്‍ മതാര്‍ഖദീമില്‍ അല്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഖത്തര്‍ സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും ശ്രദ്ധേയ പ്രഭാഷകനും ആയിരുന്നു. പോപുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ.

മക്കള്‍: സഹല്‍ (ദുബൈ), സഈദ്, നിഷ്‌വ, റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി). സഹോദരങ്ങള്‍ സിദ്ദീഖ് പുറായില്‍ (അല്‍ ഏബിള്‍ ഗ്രൂപ് ചെയര്‍മാന്‍), യാക്കൂബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്തഫ.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.