ജീവിതത്തിന്റെ ആദ്യചുവട് പിഴച്ച് കിണറിന്റെ അഗാധതയിൽ പതിച്ച് കന്നുകുട്ടി, രക്ഷകരായി ഫയർ ഫോഴ്സ്; കായണ്ണയിൽ കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന


കായണ്ണ: കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത നാൽപ്പതടിയോളം താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറില്‍ വീണത്.

പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാരാണ് കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ വിവരം പേരാമ്പ്ര ഫയർ ഫോഴ്സിൽ അറിയിച്ചു. പേരാമ്പ്രയിൽ നിന്ന് കുതിച്ചെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ അശ്വിന്‍ ഗോവിന്ദ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ കന്നുകുട്ടിയെ റെസ്ക്യു നെറ്റില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ വിജീഷ് ടി, വിപിന്‍ കെ.പി, ജിനേഷ് ആര്‍, സ്മിതേഷ് സി.കെ, ഹോംഗാര്‍ഡ് രാജീവന്‍ എന്‍.എം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.