‘അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും’; ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു
തിക്കോടി: എന്‍.കെ ശിവപ്രകാശ് പ്രസിഡന്റും ചെറുകുന്നുമ്മല്‍ ബാബു സെക്രട്ടറിയുമായ ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയാണ് നടപടി.
പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ.ബൈജുവിന് നല്‍കി. കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ തിക്കോടിയിലെ വി.പി ബിജുവിന് കണ്‍വീനറായി ചുമതല നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധനസമാഹരണമുള്‍പ്പെടെയുള്ള പരിപാടികളില്‍ ബോധപൂര്‍വം ഗുരുതമായ വീഴ്ച വരുത്തുകയും കീഴ് വഴക്കങ്ങളും അച്ചടക്കവും ലംഘിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി.
ബി.ജെ.പി നേതൃത്വം ആഗസ്റ്റ് പതിനഞ്ചിന് തിരംഗ യാത്രയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്ര തിക്കോടി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചത് പ്രവര്‍ത്തകര്‍ക്കര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയും നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു.