പെന്‍ഷന്‍ വാങ്ങുന്നവരാണോ? പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധം- നിങ്ങള്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: 2022 ഡിസംബര്‍ 31 വരെ സാമൂഹികസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കൂ.
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ വിവരം അറിയിച്ചാല്‍ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ സാമൂഹികസുരക്ഷ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍/ ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നുമുതല്‍ 20 വരെ ചെയ്യാം. അവര്‍ക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെ പെന്‍ഷന് അര്‍ഹതയുണ്ടാകും. തുടര്‍ന്ന് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടാകില്ല. മസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെന്‍ഷന്‍ വിതരണം നടത്തൂ. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശ്ശികയാകുന്ന പെന്‍ഷന്‍ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോള്‍ മാത്രമേ വിതരണം ചെയ്യൂ.
2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/ 29ന് അകം തൊട്ടുമുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യാന്‍ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യാന്‍ 50 രൂപയും ഫീസായി നല്‍കണം.