ബാലുശേരിയില്‍ പതിനേഴുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും; വിധി പുറപ്പെടുവിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


ബാലുശേരി: പതിനേഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാന്തപുരം, മങ്ങാട് സ്വദേശി നോച്ചികുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (48) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനില്‍.ടി.പിയാണ് വിധി പുറപ്പെടുവിച്ചത്.

പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3(സി) പ്രകാരം പത്തുവര്‍ഷത്തെ തടവും ഒരു ലക്ഷം രൂപയും ഐ.പി.സി 377 പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.

പിഴയടക്കുകയാണെങ്കില്‍ അതില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു.

2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്വാറിയില്‍ ജോലി നല്‍കാം എന്നു വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് രക്ഷിതാക്കളോട് കാര്യം പറയുകയും പരാതി കൊടുക്കുകയും ചെയ്തു.

ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ് ഇന്‍സ്പെക്ടര്‍ കെ.സുമിത്ത്കുമാര്‍ ആണ് കേസ് അന്വേഷിച്ചത് പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.