അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ഒമ്പതുദിവസത്തിനുശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജാമ്യം


അത്തോളി: അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, ബാലുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട്, അജിത്ത് കുമാര്‍ കരിമുണ്ടേരി, മോഹനന്‍ കവലയില്‍, അഡ്വ. സുധിന്‍ സുരേഷ്, സതീഷ് കന്നൂര്‍, നാസ് മാമ്പൊയില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

റിമാന്‍ഡിലായി ഒമ്പതാം ദിവസമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യാപേക്ഷ ഇന്നലെ ജില്ലാ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജാമ്യം ലഭിച്ചുള്ള വിധിയുടെ പകര്‍പ്പ് മാനന്തവാടി സബ് ജയിലില്‍ എത്തിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ജയില്‍ മോചിതയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. മറ്റുള്ളവരെ കൊയിലാണ്ടി സബ് ജിയിലില്‍ നിന്ന് മോചിതരാക്കും.

നവകേരള യാത്രയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. കെ.പി.സി.സി നിര്‍ദേശ പ്രകാരം ഈ മാസം 19നായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി എസ്.ഐക്ക് പരിക്കേറ്റെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പത്തുപേര്‍ക്ക് പേരാമ്പ്ര കോടതി സമന്‍സ് അയച്ചു. ഇതുപ്രകാരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.