മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


അരിക്കുളം: മാവേലി സ്റ്റോറിലൂടെ 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അരിക്കുളം സപ്ലൈകോ മാവേലി സ്റ്റോറിന് മുമ്പില്‍ നടന്ന ധര്‍ണ ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണെന്നിരിക്കെ ഓണക്കാലത്ത് മാവേലി സ്റ്റോറിലൂടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലെ അലംഭാവം പ്രതിഷേധാര്‍ഹമാണ്. ഇല്ലാത്ത സാധനങ്ങളുടെ നേരെ സ്റ്റോക്കില്ല എന്ന ബോര്‍ഡ് മാവേലി സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചതിനാണ് കോഴിക്കോട് സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് കെ.നിധിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. സ്റ്റോക്ക് ഇല്ല എന്നതിന് പകരം ചാക്ക് കാലിയാണ്, സ്റ്റോക്ക് വന്നിട്ടില്ല, ലഭ്യത കുറവുണ്ട് എന്നൊക്കെ ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

എള്ളോളമില്ല പൊളിവചനം എന്ന ചൊല്ല് മാവേലി സ്റ്റോറില്‍ എള്ളുപോലുമില്ല എന്ന് മാറ്റി വായിക്കേണ്ട സ്ഥിതിയാണ്. ഈ ഓണക്കാലം മലയാളികളെ സംബന്ധിച്ചിടത്തോളം വറുതിയുടെ കാലമാണെന്നും വി.പി.ഭാസ്‌ക്കരന്‍ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, ബ്ലോക്ക് ഭാരവാഹികളായ സി.രാമദാസ്, കെ.അഷറഫ്, ഒ.കെ.ചന്ദ്രന്‍, മണ്ഡലം ഭാരവാഹികളായ ബാലകൃഷ്ണന്‍ ചെറിയ കോയിക്കല്‍, ബാബു പറമ്പടി, അനസ് കാരയാട്, സുമേഷ് സുധര്‍മ്മന്‍, പത്മനാഭന്‍ പുതിയേടത്ത്, ടി.ടി.ശങ്കരന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം.രാധ, തങ്കമണി ദീപാലയം എന്നിവര്‍ സംസാരിച്ചു.