”പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്… ഓക്കേ മിണ്ടുന്നില്ല.. തോല്‍പ്പിക്കാമല്ലോ” അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത് ആഘോഷമാക്കി ആരാധകര്‍
കൊയിലാണ്ടി: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കിരീടവുമായി ഒരു മടക്കം എന്ന അര്‍ജന്റീനിയന്‍ സ്വപ്‌നത്തിന് വലിയൊരു പ്രഹരമായിരുന്ന സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി, ആ ചൊവ്വാഴ്ച ദുരന്തം ആരാധകര്‍ക്ക് ഇനി മറക്കാം. ആധികാരിക ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് മെസിപ്പട.
നോക്കൗട്ടിന് സമാനമായിരുന്നു അര്‍ജന്റീനയ്ക്ക് പോളണ്ടിനെതിരായ മത്സരം. പോളണ്ടിനാണെങ്കില്‍ ഒരു സമനില മതി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലായിരുന്നു പോളിഷ് ടീമിന്റെ ശ്രദ്ധ.
ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത് വാര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോേെട ആ മാന്ത്രികന്റെ ഇടങ്കാലന്‍ ഷോട്ട് പോളിഷ് കീപ്പര്‍ വോസിയെച്ച് സെസ്‌നി തടുത്തു. മെസി പെനാല്‍റ്റി പാഴാക്കുന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്.
ഗോളൊന്നുമില്ലാത്ത ആദ്യ പകുതി അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. രണ്ടാംപകുതിയില്‍, മത്സരത്തിന്റെ നാല്‍പ്പത്തിയാറാം മിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ പോളിഷ് ഗോള്‍വല കുലുക്കിയപ്പോള്‍ ആരാധകര്‍ക്ക് അത് ആശ്വാസത്തിന്റെ നിമിഷം. പിന്നാലെ അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസ് മികച്ച ഒരു ഗോളിലൂടെ പ്രീക്വാര്‍ട്ടര്‍ വാതില്‍ ഉറപ്പിച്ചു.
രണ്ടാംഗോളിനുശേഷമാണ് ആരാധകില്‍ പലര്‍ക്കും ശ്വാസം നേരെ വീണത്. അര്‍ജന്റീനക്കൊപ്പം ഫൈനല്‍ വിസിലിനായി കാത്തിരിക്കുന്ന പോളണ്ടിനെയാണ് പിന്നീട് കളിക്കളത്തില്‍ കണ്ടത്.
പിന്നീട് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആഘോഷരാവായിരുന്നു. പ്രത്യേകിച്ച് മലയാളികള്‍ക്ക്. ”’പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…” എന്ന സന്ദേശം സിനിമയിലെ ഡയലോഗിനൊപ്പം ”ഓക്കേ മിണ്ടുന്നില്ല.. തോല്‍പ്പിക്കാമല്ലോ, ഇനി പ്രീക്വാര്‍ട്ടറില്‍ കാണാം” എന്ന ഉറപ്പോടെ ആരാധകര്‍ക്ക് അല്പനേരത്തെ ആശ്വാസ ഉറക്കം.