അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍


മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി.

അച്ഛന്‍ മുരളീധരന്റെ അതേ പാത പിന്തുടര്‍ന്നാണ് അനുഗ്രഹയും ഈ മേഖലയിലേക്ക് വരുന്നത്. കുടുംബ പരമായി മുത്തച്ഛനും മാമ്മനും എല്ലാം ഡ്രൈവര്‍മാരാണ്. ചെറുപ്പത്തിലെ വണ്ടിയോടായിരുന്നു അനുഗ്രഹയ്ക്ക് താല്‍പ്പര്യം. പത്തിനെട്ട് വയസ്സായപ്പോള്‍ തന്നെ ലൈസന്‍സ് കൈയില്‍ കിട്ടിയിരുന്നു. ബൈക്ക്, കാര്‍, സ്‌കൂട്ടി എല്ലാവിധ വാഹനങ്ങളും തന്നെ കൊണ്ട് ഓടിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ എന്ത് കൊണ്ട് ബസ് ഓടിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന അനുഗ്രഹയുടെ ആഗ്രഹത്തില്‍ നിന്നാണ് ബസ് ഓടിക്കാന്‍ അനുഗ്രഹ തുനിഞ്ഞിറങ്ങുന്നത്. അച്ഛന്‍ മുരളീധരന്റെയും അമ്മ ചന്ദ്രികയുടെയും പൂര്‍ണ പിന്തുണ കൂടി കിട്ടിയപ്പോള്‍ അനുഗ്രഹ തന്റെ ആഗ്രഹം നിറവേറ്റി.

ചെറുപ്പം മുതലേ സാഹസികത ഇഷ്ടപ്പെടുന്ന അനുഗ്രഹ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്തത് മുതല്‍ കൂട്ടായി. പഠിക്കുന്ന സമയത്ത് എസ്പിസി, എന്‍എസ്എസ് എന്നിവയിലെല്ലാം സജീവമായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അനുഗ്രഹയ്ക്ക് ഹെവി ലൈസന്‍സ് കൈയില്‍ കിട്ടുന്നത്.
ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ഡിഗ്രി ബിരുദദാരിയാണെങ്കിലും തന്റെ പാഷനായ ഡ്രൈവിങ് തുടരാനാണ് താല്‍പ്പര്യമെന്ന് അനുഗ്രഹ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

യാത്രക്കാരും സഹപ്രവര്‍ത്തകരും തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും ചുരുക്കം ചിലര്‍ ചെറിയ കുട്ടിയ്ക്ക് ഇതൊക്കൊ സാധിക്കുമോ പെണ്ണല്ലേ എന്നൊക്കെ കമന്റുകള്‍ പറയാറുണ്ടെന്നും അനുഗ്രഹ വ്യക്തമാക്കി. അവരോട് താന്‍ ചിരിച്ച് കൊണ്ട് തനിക്ക് ഇതെല്ലാം സാധിക്കുമെന്നും തന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് മാതാപിതാക്കള്‍ കൂടെ നില്‍ക്കുന്നത് വരെ താന്‍ ഈ മേഖലയില്‍ തന്നെ തുടരുക തന്നെ ചെയ്യുമെന്നും അനുഗ്രഹ പറയുന്നു.