എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേർന്നു
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നും അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്തെത്തിയത്. വി.മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്റണി. ബി.ബി.സിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബി.ബി.സിയെന്നും, ഇറാക്ക് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോയെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പദവികളില്‍ നിന്നെല്ലാം രാജിവെക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ അനിലിന്റെ ബി.ജെ.പി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായിരുന്നു.
കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശം സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവില്ല. അണികള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്ത, കോണ്‍ഗ്രസിന്റെ ഭാരവാഹിയല്ലാത്ത നേതാവാണ് അനില്‍. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന തരത്തില്‍ ഇത് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണത്തിന് ബി.ജെ.പി ഇത് ആയുധമാക്കുമെന്നതില്‍ സംശയമില്ല.