ബാലുശ്ശേരി, അത്തോളി മേഖലയില്‍ മുമ്പും നിരവധി മോഷണക്കേസുകളില്‍ പ്രതി, മോഷണ സമയത്ത് ഹെല്‍മറ്റും, കോട്ടും പതിവാക്കിയത് തുമ്പായി; ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ മോഷണക്കേസില്‍ പ്രതികളെ പൊലീസ് വലയിലാക്കിയതിങ്ങനെ
ഉള്ള്യേരി: ആനവാതിലിലെ വീകെയര്‍ പോളി ക്ലിനിക്കിലെ മോഷണത്തില്‍ പ്രതികളെ പിടികൂടാന്‍ തുണയായത് പൊലീസിന്റെ ചിട്ടയായ അന്വേഷണം. ക്യാമറക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികള്‍ ഉപയോഗിച്ച ഹെല്‍മറ്റും ക്യാമറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകയമായതെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കേസില്‍ മുഖ്യപ്രതിയായ മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ മുമ്പും മേഖലയില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നു. ബാലുശ്ശേരി, എലത്തൂര്‍, അത്തോളി സ്‌റ്റേഷനുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ചില മോഷണ സംഭവങ്ങളില്‍ പ്രതികളുടേത് ഇതേ ഹെല്‍മറ്റും കോട്ടുമായിരുന്നു. ഈ കേസുകളിലെല്ലാം പ്രതി ഒരേയാളാണെന്ന സംശയം ബലപ്പെടുകയും നിരവധി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നും നാലുപേരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞദിവസത്തെ മോഷണത്തിനു പിന്നാലെ ഈ നാലുപേരുടെ വിശദാംശങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ഇതില്‍ ഒരാള്‍ മോഷണം നടന്ന ദിവസങ്ങളില്‍ പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോടേക്ക് വന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ ഇയാള്‍ തന്നെയാകാം പ്രതിയെന്ന സംശയം ബലപ്പെട്ടു.
എഴുപത് ശതമാനവും ഇവര്‍ തന്നെയാകും പ്രതിയെന്ന സംശയത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച കമ്പിയും വസ്ത്രങ്ങളും ഹെല്‍മറ്റുമെല്ലാം വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഒരുമാസം മുമ്പ് അത്തോളി സ്‌റ്റേഷന്‍ പരിധിയിലുള്ള സിമന്റ് കടയില്‍ കയറി 83000 രൂപ മോഷ്ടിച്ച കേസിലും ബാലുശേരിയില്‍ പെട്രോള്‍ പമ്പിലും, എലത്തൂരിലെ രണ്ട് മൂന്ന് കടകളിലും നടന്ന മോഷണക്കേസുകളിലെല്ലാം പ്രതികള്‍ ധരിച്ചിരുന്നത് സമാനമായ ഹെല്‍മറ്റും വസ്ത്രവുമായിരുന്നു. ഈ കേസുകളുടെയെല്ലാം അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി പേരെ സംശയിച്ചിരുന്നു. ഇതില്‍ നിന്നും നാലുപേരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ശരീരപ്രകൃതി കൂടി നോക്കിയാണ് ഇയാളെ കൂടുതല്‍ സംശയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചത്.
കേസിലെ പ്രധാനപ്രതിയായ കിഷോര്‍ ഈ കേസുള്‍പ്പെടെ 12 കേസുകളില്‍ പ്രതിയാണ്. എന്നാല്‍ ഒപ്പമുണ്ടായിരുന്നയാള്‍ പുതിയ ആളായിരുന്നു. ഇയാള്‍ക്ക് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. താന്‍ മോഷണത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെന്നും എന്നാല്‍ ഇയാള്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നെന്നും പ്രതി സമ്മതിച്ചതോടെ കിഷോറിനും പിടിച്ചുനില്‍ക്കാനായില്ല.
എസ്.പി. കറുപ്പുസ്വാമി, പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞുമൊയിന്‍കുട്ടി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അത്തോളി സി.ഐ.ജിതേഷ്, എസ്.ഐ.രാജീവ്.ആര്‍, എസ്.ഐ. മുഹമ്മദലി എന്നിവര്‍ നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. എസ്.സി.പി.ഒമാരായ ഷിനില്‍, അനീസ്, രതീഷ് പി.ടി, രജീഷ്, സന്തോഷന്‍, പ്രസാദ്, പ്രവീണ്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.