നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടും ഇനി സഞ്ചാരികളെ ഏറെ രസിപ്പിക്കും; അകലാപ്പുഴയ കേന്ദ്രമാക്കി ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു, ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച



കൊയിലാണ്ടി:
നഗരസഭയിലെ നെല്ല്യാടി കേന്ദ്രമാക്കി കോഴിക്കോട് ലെഷര്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 9.30ന് കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നെല്ല്യാടി പുഴയും അതിന്റെ ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ജലവിനോദ പരിപാടികള്‍ ഈ കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

നെല്ല്യാടി പുഴയിലെ ഷിക്കാര വഞ്ചിയിലൂടെ നടത്തുന്ന ഉല്ലാസ യാത്രയും പുഴയുടെ ഇരുകരകളിലുമുള്ള ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകളും ദേശാടനപക്ഷികളുടെയും നീര്‍നായകളുടെയും ആവാസ കേന്ദ്രങ്ങളും ആസ്വദിച്ചുള്ള പോക്കുമെല്ലാം ഏറെ അനുഭൂതിദായകമാണ്. അകലാപ്പുഴയിലൂടെയുള്ള സ്പീഡ് ബോട്ട് യാത്രയും സാഹസിക യാത്രയും യുവാക്കള്‍ക്ക് ഹരം പകരുന്ന ജലവിനോദ പരിപാടിയാണ്.

ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പെഡല്‍ ബോട്ടിങ്, സെയിലിംഗ്, കയാക്കിങ്, കയാക്കിങ് പരിശീലനം, ആംഫി തിയേറ്റര്‍, മാജിക് ഷോ, കളരിപ്പയറ്റ്, പുഴയോര റസ്‌റ്റോറന്റ്, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, ജൈവവൈവിധ്യ വനങ്ങള്‍ സന്ദര്‍ശിക്കല്‍, പരമ്പരാഗത കൈത്തൊഴിലുകളായ മണ്‍പാത്ര നിര്‍മാണം, പായനെയ്ത്തു, ഓലമെടയല്‍, കള്ളുചെത്ത്, ചൂണ്ടയിടല്‍, കയര്‍പിരിത്തം, തുണിനെയ്ത്ത്, കൊയിലാണ്ടിയെ ലോക പ്രശസ്തമാക്കിയ ഹുക്ക നിര്‍മാണം തുടങ്ങിയ പരിചയപ്പെടുത്തല്‍, വിവാഹപൂര്‍വ്വ-വിവാഹാനന്തര ഫോട്ടോ ഷൂട്ട്, ജന്മദിന പാര്‍ട്ടികള്‍, കുടുംബസംഗമ പാര്‍ട്ടികള്‍ തുടങ്ങി ആസ്വാദ്യകരമായ ഒത്തുചേരലുകള്‍ക്കും ഇവിടെ സൗകര്യമുണ്ട്. ഒപ്പം സഞ്ചാരികള്‍ക്ക് രുചികരമായ നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്.

പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയും മുന്‍ എം.എല്‍.എ കെ.ദാസന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും പ്രദേശവാസികളും പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ രഘുനാഥന്‍.കെ.ടി, ഡോ. അമര്‍ജിത്ത്.കെ.ടി, എ.ഡി.ദയാനന്ദന്‍, ശ്രീകുമാര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.