ഇനി അവർ ഒറ്റയ്ക്കാകില്ല, സമ പ്രായക്കാരോടൊപ്പമിരുന്ന് സൊറപറയാൻ ഇടം ഒരുങ്ങി; ചെങ്ങോട്ടുകാവിൽ വയോജനങ്ങൾക്കായി പകൽ വീട്


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വയോജന പരിപാലന കേന്ദ്രം – പകൽ വീടിൻ്റെ പ്രവർത്തനം ആരംഭിച്ചു. വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽ നിന്നു മാറി മാനസിക ഉല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയാണ് പകൽവീടുകളുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വയോജനങ്ങൾക്കായി പകൽവീട് തുറന്നു നൽകി.

മേലൂർ കച്ചേരിപ്പാറയിൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകി വയോജന ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പകൽ വീട് സജീവമാകുന്നത്. ഭക്ഷണം, ചികിത്സ, വിനോദോപാധികൾ, ആനുകാലികങ്ങൾ, ടെലിവിഷൻ, ഫിസിയോ തെറാപ്പിക്കുള്ള സൗകര്യം എന്നിവ പകൽ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിനായി 15 കിടക്കകളും സൗകര്യപ്പെടുത്തിയിട്ടുണ്ട്. വയോജനക്ഷേമത്തിന് കെയർ ഗിവറുടെ സേവനവും കൗൺസിലിങ് ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്ന് വയോജന ദിനത്തോനുബന്ധിച്ച് നിരവധി വയോജന ക്ഷേമ പ്രവർത്തങ്ങളും പരിപാടികളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 7.5 ലക്ഷം രൂപയാണ് പകൽ വീടിനായി മാറ്റിവെച്ചിട്ടുള്ളത്.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വയോജനങ്ങൾക്കായി പകൽവീട് തുറന്നു നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.വേണു, സ്ഥിരം സമിതി അധ്യക്ഷരായ ബേബി സുന്ദർരാജ്, ബിന്ദു മുതിര കണ്ടത്തിൽ, ഗീത കാരോൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി രാധാകൃഷ്ണൻ, മുൻ പ്രസിഡന്റുമാരായ കൂമുള്ളി കരുണാകരൻ, പി.ചാത്തപ്പൻ, സഹദേവൻ കണക്കശ്ശേരി, ബ്ലോക്ക് മെമ്പർ ഇ.കെ ജുബീഷ്, പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു എന്നിവർ പങ്കെടുത്തു.

Summary: Aged Care Center was inagurated in Chengotukavu