” എനിക്ക് അറിയാത്ത ആളായിരുന്നു, അത് ശരിക്കും മോശം അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളെല്ലാം മാപ്പു പറഞ്ഞു” എറണാകുളത്ത് വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി
കൊച്ചി: എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും അവിടെയുണ്ടായ പെരുമാറ്റത്തില്‍ കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്നുമാണ് അപര്‍ണ പറഞ്ഞത്. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം.
‘തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെനിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.’ അപര്‍ണ പറഞ്ഞു.
ജനുവരി 18ന് ആയിരുന്നു എറണാകുളം ലോ കോളേജ് യൂണിയന്‍ പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണു അപമര്യാദയായി പെരുമാറിയത്. പരിപാടിക്കിടെ പൂവുമായാണ് വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
ശേഷം വിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതായിരുന്നു നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഇത് തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Summary: actress Aparna Balamurali response for student misbehave at law college