സംസ്ഥാനത്ത് നാളെ എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ് (23/06/2023)
കോഴിക്കോട്: നാളെ (2023 ജൂൺ 23 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്ന് എ.ബി.വി.പി നടടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത് എന്നും എ.ബി.വി.പി അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്ക് വിടുപണി ചെയ്യുന്ന പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെയുമാണ് എ.ബി.വി.പിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് പറഞ്ഞു. അധികാരത്തിന്റെ ബലത്തില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി എന്‍.സി.ടി.ശ്രീഹരി ഉള്‍പ്പെടെ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ പോലീസ് തല്ലി ചതച്ചതില്‍ പ്രതിഷേധിച്ചാണ് എ.ബി.വി.പി സംസ്ഥാന വ്യാപകമായി നടത്തുന്നതെന്നും എസ്.അരവിന്ദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ചൊവ്വാഴ്ച കേരളത്തില്‍ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. കോളേജുകളില്‍ മാത്രമാണ് അന്ന് കെ.എസ്.യു പഠിപ്പ് മുടക്കിയത്. എസ്.എഫ്.ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്.