കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡ് വാഹനം സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി; സ്‌കൂട്ടര്‍ യാത്രികനായ പുളിയഞ്ചേരി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ തകര്‍ന്നു. അപകടം മനസിലാക്കി സ്‌കൂട്ടര്‍ യാത്രികന്‍ ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി തെക്കെ കുറ്റിക്കാട്ടില്‍ രവീന്ദ്രന്റെ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ നിര്‍ത്താതെ വണ്ടിയുമായി ഡ്രൈവര്‍ കുതിച്ചതോടെ നാട്ടുകാര്‍ പിറകെയോടി. ഇതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അണ്ടര്‍പാസിന്റെ അടിയില്‍ ക്വാറി വേസ്റ്റ് അടിച്ച് ലെവല്‍ ചെയ്തുകൊണ്ട് മുന്നോട്ടുപോകുകയായിരുന്നു വാഗാഡിന്റെ വാഹനം. പിറകില്‍ സ്‌കൂട്ടറുമായി പോകുകയായിരുന്നു രവീന്ദ്രന്‍. ഇതിനിടെ വാഗാഡ് വാഹനം അശ്രദ്ധമായി പിരകിലേക്ക് എടുക്കുകയായിരുന്നെന്ന് രവീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അപകടം മനസിലാക്കി രവീന്ദ്രന്‍ ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഗാഡ് വാഹനം സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങുന്നത് കണ്ട് കാല്‍നട യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ക്ക് അപകടം മനസിലായത്. ഉടനെ ഇയാള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. സ്‌കൂട്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.