ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; അക്രമിച്ചത് ആനക്കോട്ടയില്‍ നിന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കൊമ്പന്‍


തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒറ്റക്കൊമ്പന്‍ പാപ്പാനെ കുത്തിക്കൊന്നു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയില്‍ നിന്നും ആനയെ പുറത്തിറക്കി വെള്ളം കൊടുക്കുമ്പോഴായിരുന്നു അക്രമണം ഉണ്ടായത്.

ഉടന്‍ തന്നെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാലാണ് രതീഷ് ആനയ്ക്ക് വെള്ളം നല്‍കാനായി എത്തിയത്. ആനക്കോട്ടയ്ക്ക് അകത്ത് തന്നെ തളച്ച ചന്ദ്രശേഖരനെ 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് പുറത്തേക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.

ഇതിന് മുമ്പും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ചന്ദ്രശേഖരനെ വിവിധ സംഭവങ്ങളിലായി മുന്ന് തവണ മയക്കുവെടി വെക്കുകയും ചെയ്തിട്ടുണ്ട്. ആനക്കോട്ടയ്ക്ക് പുറമെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തും ആന പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് മുന്‍ പാപ്പാന്‍മാര്‍ പറയുന്നത്.