19 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; ബാര്‍കോഡ് സംവിധാനത്തിലൂടെ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല


തേഞ്ഞിപ്പാലം: ബാര്‍കോഡ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം 19 ദിവസംകൊണ്ടാണ് സര്‍വകലാശാല പുറത്തുവിട്ടത്. നവംബര്‍ 13 മുതല്‍ 30വരെയായിരുന്നു പരീക്ഷ.

തുടര്‍ന്ന് കേന്ദ്രീകൃത മൂല്യനിര്‍ണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകരാണ് മൂല്യ നിര്‍ണയം നടത്തിയത്. 5,12,461 ഉത്തരകടലാസുകളാണ് ഇത്തരത്തില്‍ മൂല്യനിര്‍ണയം നടത്തിയത്. ഡിസംബര്‍ 20നാണ് ക്യാമ്പ് അവസാനിച്ചത്.

സര്‍വകലാശാല ഡിജിറ്റല്‍ വിഭാഗത്തിലെ പ്രോഗ്രാമര്‍മാരെ ഉപയോഗിച്ചാണ് ബാര്‍കോഡ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് ബി.എഡ് പരീക്ഷയില്‍ ആദ്യമായി ബാര്‍കോഡ് പരീക്ഷിച്ചത്. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനകം മാര്‍ക്ക് ലിസ്റ്റ് നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം 10 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.