നടന്‍ കുണ്ടറ ജോണി അന്തരിച്ചു


കൊല്ലം: നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി എട്ടുമണിയോടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം ചിന്നക്കടയില്‍ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.30ഓടെ മരിച്ചു.

പ്രമേഹബാധിതനായതിനെ തുടര്‍ന്ന് കുറച്ച് കാലമായി പൊതുവേദികളില്‍ സജീവമായിരുന്നില്ല. വില്ലന്‍ വേഷങ്ങളിലൂടെയാണ് ജോണി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ് അഭിനയിച്ച ആദ്യ ചിത്രം.

പറങ്കിമല, കരിമ്പന, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഒരു വടക്കന്‍ വീരഗാഥ, കിരീടം, ചെങ്കോല്‍ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാനാണ് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.

കുണ്ടറ കാഞ്ഞിരോട് കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറീന്റെയും മകനാണ്. ഭാര്യ: സ്റ്റെല്ല ജോണി(കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്‌ ഹിന്ദി അധ്യാപിക). മക്കൾ: ആഷിമ, ആസ്റ്റജ് ജോണി (ആരവ്).