ആല്‍മരമുത്തശ്ശിയ്ക്ക് ആരാധകന്റെ വക സ്മാരകം; കൊയിലാണ്ടിക്കാരുടെ ആ വലിയ നഷ്ടത്തിന്റെ ശേഷിപ്പുകള്‍ ഫ്രയിമിലൊതുക്കി പന്തലായനി സ്വദേശി സച്ചി


ഷ്ടങ്ങള്‍ക്ക് സ്മാരകങ്ങള്‍ തീര്‍ത്ത് അവയെ നാം ഓര്‍മ്മയിലേക്ക് നിലനിര്‍ത്താറുണ്ട്. ഓരോ മനുഷ്യരുടെ സൂക്ഷിപ്പിലുമുണ്ടാകും അങ്ങനെയുള്ള ഒരു സ്മാരകമെങ്കിലും. അതുപോലൊരു സ്മാരകത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൊയിലാണ്ടി ദ്വാരക തിയേറ്ററിന് സമീപം കോസ്‌മോസ് ഇലക്ട്രിക് ഷോപ്പ് ജീവനക്കാരനായ സച്ചിയാണ് ഈ സ്മാരകത്തിന്റെ ഉടമ. സ്മാരകം തീര്‍ത്തത് ഒരു സച്ചി ഒറ്റയ്ക്കാണെങ്കിലും ആ നഷ്ടം അയാളുടെ മാത്രം നഷ്ടമല്ല. കൊയിലാണ്ടിക്കാരുടെ ആകെ നഷ്ടമാണ്.

കൊയിലാണ്ടിക്കാര്‍ക്ക് തണലും തണുപ്പുമായിരുന്ന, കൊയിലാണ്ടിയുടെ മുഖമുദ്രയായിരുന്ന ആ ആല്‍മരത്തെ ഓര്‍മ്മയില്ലേ. 2018 ജൂണ്‍ ഒമ്പതിന് നിര്‍ത്താതെ പെയ്ത മഴയിലും ഒപ്പം കൂടിയ കാറ്റിനുമിടയില്‍ ആര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ, ആരെയും നോവിക്കാതെ പോയ ആ ആല്‍മരം തന്നെ. ആല്‍മരം കടപുഴകി വീണ് കൊയിലാണ്ടിയാകെ ബഹളത്തില്‍ മുങ്ങിനില്‍ക്കുന്ന സമയത്ത് സച്ചി ആ മരത്തിന്റെ രണ്ടിലകളുമായി നേരെ പോയത് ബാബാസ് സ്റ്റുഡിയോയിലാണ്. ‘എനിക്കിതൊന്ന് ഫ്രയിം ചെയ്തു തരണം’ എന്ന് സ്റ്റുഡിയോയിലെത്തി സച്ചി പറഞ്ഞപ്പോള്‍ അത് കേട്ടയാള്‍ക്കും അത്ഭുതമൊന്നും തോന്നിക്കാണില്ല. കാരണം ഒരിക്കലെങ്കിലും കൊയിലാണ്ടിയില്‍ വന്ന് സമയം ചെലവഴിച്ചവര്‍ക്കൊന്നും ആ ആല്‍മരത്തെ അത്ര നിസാരമായ ഒന്നായി കാണാന്‍ കഴിയില്ല.

ഈ ആല്‍മരവുമായുള്ള അടുപ്പമെന്താണെന്ന് ചോദിച്ചപ്പോള്‍ സച്ചിയുടെ വാക്കുകള്‍ ഇങ്ങനെ ”ഞങ്ങളെ ഷോപ്പ് അതിന്റെ മുമ്പിലായിരുന്നു, അതിന്റെ കാറ്റുംകൊണ്ട് ഇങ്ങനെ ഇരിക്കലായിരുന്നു പ്രധാന ആനന്ദം, ഒരുദിവസം കണ്‍മുന്നില്‍ വെച്ച് അതങ്ങ് വീണപ്പോള്‍ ആ നഷ്ടം ഉള്‍ക്കൊള്ളാനായില്ല”.

ഒരുപാട് പേരുടെ ജീവിതം ആ ആലിന്റെ പരിസരത്തുകൂടെ കഴിഞ്ഞുപോയിട്ടുണ്ടെന്നും സച്ചി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ”നാരാങ്ങാ കച്ചവടം നടത്തുന്നവര്‍, ചെരുപ്പ് തുന്നുന്നവര്‍, പൂക്കള്‍ വില്‍ക്കുന്നവര്‍, പച്ചക്കറികള്‍ വില്‍ക്കുന്നവര്‍, അങ്ങനെ ഒരുപാട് പേരെ ജീവിതച്ചൂട് കുറച്ചുകൊണ്ടാണ് ആ മരം നിന്നിരുന്നത്.”

കൊയിലാണ്ടിയെ സംബന്ധിച്ച് ആ നഷ്ടം ഒരിക്കലും നികത്താനാവാത്ത ഒന്നുതന്നെയാണെന്നും സച്ചി പറയുന്നു. അതിന്റെ സ്മാരകമെന്നോണം സൂക്ഷിച്ച ആ ഇലകള്‍ക്ക് ഒരുപാട് പേരുടെ ഓര്‍മ്മകളെ ഉണര്‍ത്താനാവുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പന്തലായനി കാട്ടുവയല്‍ സ്വദേശിയാണ് സച്ചി.