ലഹരി മരുന്നിനെന്ന വ്യാജേനെ സമീപിച്ചു, ഗൂഗിൾ പേ വഴി പണം; കുന്ദമംഗലം ലഹരിമരുന്ന് കേസിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തന്ത്രപരമായി കുടുക്കി കോഴിക്കോട്ടെ പൊലീസ് സംഘം
കോഴിക്കോട്: ലഹരിമരുന്ന് കേസ് പിന്തുടര്‍ന്ന് പോയ കോഴിക്കോട്ടെ പൊലീസ് സംഘം പിടികൂടിയത് വിതരണ ശൃംഖലയിലെ പ്രധാനിയെ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ് നൈജീരിയ സ്വദേശി ഉഗവു ഇകേച്ചുക്വുവിനെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനന്‍, എ.സി.പി ബൈജു, കുന്ദമംഗലം എസ്.എച്ച്.ഒ യൂസഫ് നടത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക് ഇത് കൈമാറിയത് നൈജീരിയന്‍ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയായ ഇയാളെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.
ഏപ്രില്‍ പത്താം തീയതിയാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കടത്തിയ സഹദ്, നസ്ലിന്‍ എന്നിവരെ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ക്ക് ബെംഗളൂരുവിലെ നൈജീരിയന്‍ സംഘത്തില്‍നിന്നാണ് ലഹരിമരുന്ന് കിട്ടിയതെന്ന മൊഴി ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പൊലീസ് കുടുക്കിയത്.
ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചുനല്‍കുകയും പണം ഗൂഗിള്‍ പേ വഴി വാങ്ങുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി. മാസങ്ങളോളം ഇവരെ നിരീക്ഷിച്ചശേഷം ആവശ്യക്കാരെന്ന വ്യാജേന പോലീസ് സംഘം ഇവരെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശിയെ തിരുപ്പൂരില്‍ എത്തിച്ച് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തും.