കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാല് പേരെ വെറുതേ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി


കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറഞ്ഞ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതേ വിട്ടു. നേരത്തേ കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ വെറുതേ വിട്ടിരുന്നു.

മത സ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മഅ്ദനിക്കെതിരെ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1998 ഫെബ്രുവരിയിലാണ് കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പര നടന്നത്. ഫെബ്രുവരി 14 മുതല്‍ 17 വരെ ഉണ്ടായ 19 സ്‌ഫോടനങ്ങളിലായി 58 പേരാണ് മരിച്ചത്. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ എല്‍.കെ.അദ്വാനി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുന്‍പ് ആര്‍.എസ്.പുരം ഡി.ബി റോഡ് ജങ്ഷനില്‍ അദ്ദേഹത്തിനായി ഒരുക്കിയ വേദിക്കു സമീപം വൈകിട്ട് 4.20 നായിരുന്നു ആദ്യ സ്‌ഫോടനം.

1997 നവംബര്‍ 29നു ട്രാഫിക് കോണ്‍സ്റ്റബിള്‍ ശെല്‍വരാജിനെ അല്‍ ഉമ്മ പ്രവര്‍ത്തകര്‍ വധിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തിലും പൊലീസ് വെടിവയ്പിലും 18 പേര്‍ മരിച്ചു. ഇതിനു പകരം വീട്ടാന്‍ അല്‍ ഉമ്മ ആസൂത്രണം ചെയ്തതാണു സ്‌ഫോടനങ്ങള്‍ എന്നായിരുന്നു കേസ്. അല്‍ ഉമ്മ സംഘടനയെ നിരോധിച്ചു. സ്ഥാപകനും പ്രസിഡന്റുമായ എസ്.എ.ബാഷ, ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി എന്നിവര്‍ ജീവപര്യന്തം തടവുകാരായി ഇപ്പോഴും ജയിലിലാണ്.