എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫ് സാക്കിര്‍നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്‌ലാമിക മതപ്രചാരകരുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നെന്ന് എന്‍.ഐ.എയും


ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ബാഗില്‍ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ ഇക്കാര്യം വിശദീകരിച്ചത്.

സാക്കിര്‍ നായിക്കിന് പുറമേ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരിക് ജമീല്‍, ഇസ്റാര്‍ അഹമദ്, തൈമൂര്‍ അഹമ്മദ് എന്നിവരേയും ഷാരൂഖ് പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. അറിയിക്കുന്നു.

ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖിന്റെ വീട്ടിലുള്‍പ്പടെ പത്തിടത്ത് എന്‍.ഐ.എ പരിശോധന നടത്തി. ഷാരൂഷ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍.ഐ.എ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

തീവ്രവാദം പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരുടെ ആശയങ്ങളെ ഷാരൂഖ് സെയ്ഫി തുടര്‍ച്ചയായി പിന്തുടര്‍ന്നു എന്നാണ് എന്‍.ഐ.എ. വാര്‍ത്താക്കുറിലൂടെ അറിയിച്ചത്. ഇവരുടെ പ്രഭാഷണങ്ങളും മറ്റേതെങ്കിലും സംഘടനകളും എലത്തൂര്‍ ആക്രമണത്തിലേയ്ക്ക് ഷാരൂഖ് സെയ്ഫിയെ നയിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സെയ്ഫി താമസിക്കുന്ന ഷഹീന്‍ബാഗിലെ മറ്റ് ചിലരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ കൂടിയാണ് ഷഹീന്‍ബാഗിലെ പത്തിടത്ത് റെയ്ഡ് നടത്തിയത്.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് എന്‍.ഐ.എ സംഘം ഷഹീന്‍ബാഗിലെത്തിയത്. പതിനൊന്നുമണിവരെ പരിശോധന തുടര്‍ന്നു. പ്രതിയുടെ വീടിന് പുറമേ സുഹൃത്തിന്റെ വീട്ടിലും രണ്ട് കടകളിലും പരിശോധന നടന്നു. എലത്തൂരില്‍ തീവണ്ടിയില്‍ തീവെപ്പ് നടത്താന്‍ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ. പ്രധാനമായും അന്വേഷിച്ചത്.

റെയ്ഡിനൊടുവില്‍ എന്‍ഐഎ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. എന്നാല്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

സാക്കിര്‍ നായിക്കിന്റേയും ഇസ്റാര്‍ അഹമദിന്റേയും വീഡിയോകള്‍ ഷാരൂഖ് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് നേരത്തെ കേരളാ പോലീസും വ്യക്തമാക്കിയിരുന്നു. ഷാരൂഖ് തീവ്ര ചിന്താഗതിക്കാരനാണെന്നാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ പറഞ്ഞത്.

ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരിലെ തീവെപ്പ്. കേരള പോലീസ് യു.എ.പി.എ. ചുമത്തിയതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.