പതിവ് തെറ്റിയില്ല, അപകടമുണ്ടായപ്പോൾ അധികൃതർ ഉണർന്നു; കോഴിക്കോട് ജില്ലയില്‍ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും


കോഴിക്കോട്: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ബോട്ട് സവാരികളുടെ വിശദാംശങ്ങളും സമർപ്പിക്കേണ്ടതാണ്.

കെ.ഐ.വി ലൈസന്‍സുകള്‍ ഇല്ലാത്ത ബോട്ടുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ജീവന്‍രക്ഷാ സാമഗ്രികളായ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ആവശ്യത്തിന് ഇല്ലാത്ത ബോട്ടിന്റെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്യും.

ബോട്ടിന്റെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍,പാസഞ്ചര്‍ കപ്പാസിറ്റി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കാലാവധി എന്നിവ ബോട്ടിലും ജെട്ടിയിലും പ്രദര്‍ശിപ്പിക്കണം. പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബോട്ടുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സംവിധാനമൊരുക്കാന്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

മതിയായ സുരക്ഷാ സംവിധാനങ്ങളും അനുമതിയുമൊന്നുമില്ലാതെ നിരവധി ബോട്ടുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്. എന്നാൽ ഇവയൊന്നും ഇത്രയും കാലം പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാതെ ഒരു വലിയ ദുരന്തം വന്നപ്പോൾ മാത്രം നടപടിയെടുക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല എന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. അപകടമുണ്ടായപ്പോൾ മാത്രം ടൂറിസ്റ്റ് ബസ്സുകൾ പരിശോധിക്കുകയും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചപ്പോൾ മാത്രം ഹോട്ടലുകളിൽ പരിശോധന നടത്തുകയും ചെയ്ത മുൻ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.