നിങ്ങള്‍ ഇനിയും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലേ? ഇനി അഞ്ച് ദിവസം മാത്രം ബാക്കി, പെന്‍ഷന്‍ മുടങ്ങാതിരിക്കണമെങ്കില്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കൂ


കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഏറ്റവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 28നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ലെന്നും ജില്ലാ കലക്ടര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

2019 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. അതിനു ശേഷമുള്ള ഗുണഭോക്താക്കള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല.

2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഡിസബിലിറ്റി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

പെന്‍ഷന്‍ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഫെബ്രുവരി 28 നുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. എങ്കിലും പിന്നീടു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ പുന:സ്ഥാപിച്ചു നല്‍കും. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതു മൂലം തടയപ്പെട്ട കാലത്തെ പെന്‍ഷന്‍ കൂടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടാവില്ല.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതില്‍ കൂടുതല്‍ വരുമാനമുള്ളവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. പൊതുജന സേവന കേന്ദ്രങ്ങളിലൂടെയാണ് വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കേണ്ടത്.