കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ


 

നിജീഷ് എം.ടി.

വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ വെള്ളിയാങ്കല്ലില്‍വെച്ച് ബലാത്സംഗംചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ അവളോട് പ്രണയം തോന്നിയ ഒരു പട്ടാളക്കാരന്‍ അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ രണ്ടുപേരെയും മറ്റുള്ളവര്‍ കൊന്നുകളഞ്ഞത്രെ. ഈ സംഭവം പോര്‍ച്ചുഗീസ് പ്രണയകാവ്യമായി പ്രചരിച്ചിരുന്നുവെന്ന് പഴയ തലമുറ ഓര്‍ക്കുന്നു.

പേരറിയാത്ത ദേശാടന പറവകളുടെ, വന്‍കരാനന്തര സഞ്ചാരികളായ അനേകം പക്ഷികളുടെ പ്രണയകൂടായ നടുക്കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന പരന്ന പാറ. അനേകായിരം പക്ഷികളുടെ വിസര്‍ജ്യത്താല്‍ വെള്ള നിറമായി മാറിയ പാറ അങ്ങനെ വാമൊഴിവഴക്കത്തില്‍ ‘വെള്ളയാംകല്ല്’ എന്നും പിന്നീട് വെള്ളിയാംകല്ലുമായി. ആത്മാക്കള്‍ തുമ്പികളായി പുനര്‍ജനിച്ച് പാറിപ്പറക്കുന്ന പാറ എന്നും നടുക്കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരമില്ലാക്കുന്ന് എന്നൊക്കെ വിശേഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും നാം ഓര്‍ക്കേണ്ടത് നാടിനു വേണ്ടി വെള്ളിയാങ്കല്ലിന്റെ എട്ടുദിക്കിലുമുള്ള കണ്ണെത്താക്കടലിനെ പറങ്കികളുടെ ചുടുചോര കൊണ്ട് ചുവപ്പിച്ച് ചോരക്കടലാക്കിയ
കുഞ്ഞാലിമരക്കാര്‍ എന്ന ധീര ദേശാഭിമാനിയെയാണ്!

മയ്യഴിയിലെ മുക്കുവരുടെ വിശ്വാസങ്ങളില്‍ വെള്ളിയാങ്കല്ലിന് പ്രത്യേക സ്ഥാനമുണ്ട്. മയ്യഴിയിലെ വളവില്‍ ഭഗവതിക്ഷേത്രം, പാറക്കല്‍ കുറുമ്പക്ഷേത്രം, മൂന്നുകുറ്റി പരദേവതാക്ഷേത്രം എന്നിവിടങ്ങളിലെ ദേവീചൈതന്യം വെള്ളിയാങ്കല്ലില്‍നിന്ന് എത്തിയതാണെന്ന് ഐതിഹ്യം. മത്സ്യബന്ധനത്തിന് പോകുന്നവര്‍ വെള്ളിയാങ്കല്ലിനെ വലംവെച്ച് പോകുമ്പോള്‍ പ്രാര്‍ഥനാപൂര്‍വം അര്‍ച്ചന നല്‍കാറുണ്ട്. ശരീരശുദ്ധിയില്ലാതെ പാറയില്‍ കയറരുതെന്നും അവര്‍ വിശ്വസിക്കുന്നു.

ഹാമില്‍ട്ടണെ ഉദ്ധരിച്ചുകൊണ്ട് വില്യം ലോഗല്‍ മലബാര്‍ മാന്വലില്‍ ‘Sacrifice Rock ‘ എന്നാണ്‌നവെള്ളിയാങ്കല്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

1498 മെയ് മാസാവസാനവാരം കോഴിക്കോടിന് സമീപം പന്തലായനിത്തുറമുഖത്ത് വാസ്‌കോഡ ഗാമയുടെ പോര്‍ച്ചുഗീസ് കപ്പല്‍ നങ്കൂരമിടുന്നതോടെ നൂറ്റാണ്ടുകളായി അറേബ്യന്‍ രാജ്യങ്ങളുമായുണ്ടായിരുന്ന കോഴിക്കോട് സാമൂതിരിയുടെ സൗഹൃദപൂര്‍വ്വമായിരുന്ന കടല്‍ മാര്‍ഗ്ഗേനയുള്ള കച്ചവട ബന്ധങ്ങളില്‍ മാറ്റം വരാന്‍ തുടങ്ങുന്നു. കോഴിക്കോട്ടെ വിദേശ വ്യാപാരം അറബികളുടെ കുത്തകയാവുന്ന കാലത്തോളം യൂറോപ്പില്‍ അധിപരാകാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന രാഷ്രീയം പോര്‍ച്ചുഗീസ്സുകാര്‍ തിരിച്ചറിയുന്നതോടെ ഗാമയുടെ പിന്‍ഗാമികള്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അറബികളുടെ ചരക്കുകപ്പലുകളെ ആഴ്ത്തുകയും ഒപ്പം അറബിനാവികരുടെ കൂട്ടക്കശാപ്പും തുടങ്ങിയതോടെ ശാന്തമായിരുന്ന കപ്പല്‍ച്ചാലുകളില്‍ മനുഷ്യരക്തത്തിരമാലകളടിച്ചുയര്‍ന്നു.

കേരളക്കരയില്‍ ആധിപത്യമുറപ്പിക്കാന്‍ പോര്‍ച്ചുഗീസ് ശക്തികള്‍ ശ്രമിച്ചതോടെ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ നാവികപ്പട ശക്തമായ ചെറുത്തുനില്‍പ്പിനൊരുങ്ങി. കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍, നാലാമന്‍ എന്നിങ്ങനെ നാടുകാത്ത നാലു മരയ്ക്കാര്‍മാര്‍ കേരള ചരിത്രത്തില്‍ വൈദേശിക മേധാവിത്വത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനികളായി എന്നും ജ്വലിച്ചു നില്‍ക്കും.


Also Read: പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു


1507 മുതല്‍ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ടു മുഴുവന്‍ ഈ നാവികസൈന്യാധിപന്മാര്‍ കടലിനു കാവല്‍ നിന്നു. കുഞ്ഞാലിമാരുടെ യുദ്ധക്കളം മലബാറില്‍ മാത്രം ഒതുങ്ങിയില്ല. ഗുജറാത്തിന്റെ തീരം മുതല്‍ ശ്രീലങ്കന്‍ തീരം വരെ അതു വ്യാപിച്ചിരുന്നു. ഇന്ത്യന്‍ നാവിക സൈനിക ചരിത്രം അടയാളപ്പെടുന്ന കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരാണ് ഇന്ത്യന്‍ നാവികസേനയുടെ പൂര്‍വ്വീകര്‍.

പോര്‍ച്ചുഗീസ് നാവികര്‍ക്ക് ബോംബെ മുതല്‍ പന്തലായനി – കോഴിക്കോട് വരെയുളള കടല്‍മാര്‍ഗ്ഗത്തില്‍ വെളളിയാങ്കല്ല് പ്രദേശത്തെ കടല്‍ക്കയങ്ങളിലെ കല്ലുകള്‍ എന്നും തടസ്സമായി നാവിഗേഷന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. കടലൂരിന് വളരെ അടുത്ത് പതിനാലാം നൂറ്റാണ്ടിലെ പുരാതന തുറമുഖമായ പന്തലയാനി അറബി വ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും കടല്‍ കടന്നപ്പോള്‍ സില്‍ക്കും വിലയേറിയ കല്ലുകളും കേരളത്തിലും എത്തിച്ചേര്‍ന്നിരുന്നു കൊണ്ടിരുന്നു.

പോര്‍ച്ചുഗീസ് അധിനിവേശ സമയത്ത് മേല്‍പ്പറഞ്ഞതായ തുറമുഖങ്ങളൊക്കെ വര്‍ഷം മുഴുവന്‍ തിരക്കിലായിരുന്നു. തുറമുഖങ്ങളെയും, കടല്‍പ്പാതയും ചൈനീസ്-അറബ് കപ്പലോട്ടക്കാര്‍ക്ക് മനഃപ്പാഠമായി അറിയാമായിരുന്നത് കൊണ്ട് വെള്ളിയാംകല്ലു പ്രദേശത്ത് വെച്ച് സംഭവിച്ചേക്കാവുന്ന അപകടം അവര്‍ക്കുണ്ടായില്ല. എന്നാല്‍ അപകടമറിയാതെ അവിടേക്കെത്തിയ നിരവധി പോര്‍ച്ചൂഗീസ് ചരക്കുകപ്പലുകളും നാവികരും നിരന്തരം കടല്‍ക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു.


Also Read: മുനമ്പത്തെപ്പള്ളിയെന്ന കടലൂര്‍ ജുമാ മസ്ജിദിന്റെ കഥ; പള്ളി മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകള്‍ കടലില്‍ വെളിച്ചം വിതറിയ നന്തിയുടെ ഇന്നലകളുടെ ഓര്‍മകളും


1601ല്‍ ബ്രിട്ടിഷുകാരും 1604 ല്‍ ഡച്ചുകാരും കച്ചവടത്തിനായി കടല്‍ കടന്നിവിടെയെത്തി വന്നരൊക്കെ പതിയെ പതിയെ പാണ്ടികശാലകളുടെ മറവില്‍ കോട്ടകളും, സൈനിക ശേഷിയും വളര്‍ത്തി പ്രദേശങ്ങളുടെ ഭരണപരമായ നിയന്ത്രണം ഏറ്റെടുക്കാനും തുടങ്ങി. അവസാനം കച്ചവടത്തിനായി വന്നവരൊക്കെ അധികാരികാളായി വളര്‍ന്നു. 1766 ല്‍ മൈസൂര്‍ രാജാവായ ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചതിനുശേഷം 1786 ല്‍ അദ്ദേഹത്തിന്റെ മകന്‍ ടിപ്പു സുല്‍ത്താന്‍ വടക്കന്‍ കേരളം പൂര്‍ണ്ണമായി അവരുടെ നിയന്ത്രണത്തിലാക്കി.

ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും പല സ്ഥലങ്ങളിലും അവസരങ്ങളിലും മുഖാമുഖം പോരാടി.
ബ്രിട്ടീഷ് നാവിക ആക്രമണം മുന്‍കൂട്ടി കണ്ട ടിപ്പു സുല്‍ത്താന്‍ കടലൂര്‍ എന്ന തീരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഒരു കോട്ട നിര്‍മ്മിയ്ക്കുകയുണ്ടായെന്ന് ബ്രിട്ടിഷ് രേഖകള്‍ പറയുന്നു. കടലൂര്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഓടോക്കുന്നിന്റെ കടലിന് സമാന്തരമായിക്കിടക്കുന്ന പ്രദേശമാണിതെന്നും പിന്നീട് ആ പ്രദേശം കോട്ട പോയിന്റ് (ഫോര്‍ട്ട് പോയിന്റ്) എന്ന് വിളിക്കപ്പെട്ടുവെന്നും കടല്‍ ക്ഷോഭവും മണ്ണൊലിപ്പും കാരണം കോട്ട നിന്നിരുന്ന പ്രദേശം പുര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായിരിക്കാമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.

1770-73കളുടെ അവസാനത്തോടെ ടിപ്പു മലബാറില്‍ താന്‍ കീഴടക്കിയ പ്രദേശങ്ങള്‍ കോഴിക്കോടിനടുത്തുള്ള ഫറോക്ക് കേന്ദ്രീകരിച്ച് ഭരിക്കാനായും സൈനിക നീക്കങ്ങള്‍ക്ക് വളരേയേറെ പ്രാധാന്യം നല്‍കിക്കൊണ്ടും ഫറോക്കില്‍ കോട്ട നിര്‍മ്മിച്ചു. അതിന്റെ തിരുശേഷിപ്പുകള്‍ ഇന്നും ‘ഫറോക്കാബാദ്’ എന്ന ഫറോക്കിലുള്ളതിനാല്‍ തന്നെ ടിപ്പുവിന്റെ സൈനിക ഉപകേന്ദ്രമായി കടലൂര്‍ കോട്ടയും ഉണ്ടായിരുന്നുവെന്ന് നമുക്ക് വിശ്വസിക്കാം.

1792 മുതല്‍ മലബാര്‍ ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കീഴിലായതോടെ കോഴിക്കോട്-കണ്ണൂര്‍-ബോംബെ തുറമുഖങ്ങള്‍ക്കിടയിലൂടെയുള്ള വ്യാപാരവും കപ്പല്‍ ഗതാഗതവും
നിരവധി മടങ്ങ് വര്‍ദ്ധിക്കുകയും മലബാര്‍ തീരത്തോടടുത്ത വെള്ളിയാങ്കല്ല് എന്ന കടല്‍പ്പാറ പ്രദേശങ്ങളില്‍ കപ്പല്‍ഛേദങ്ങള്‍ തുടര്‍ക്കഥകളാവുകയും ചെയ്തു കൊണ്ടിരുന്നു. നിരവധി കച്ചവടക്കപ്പലുകള്‍ നഷ്ടപ്പെടുകയും നാവികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പെട്ടപ്പോള്‍ ഈ കടല്‍പ്പാതയിലെ കപ്പല്‍ തകര്‍ച്ച തടയാനായുള്ള പ്രതിവിധികളെക്കുറിച്ച് ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ ഗൗരവമായി ചിന്തിച്ചു. അങ്ങനെയാണ് വെള്ളിയാങ്കല്ലില്‍ നിന്നുള്ള അപകടത്തെ അടയാളപ്പെടുത്തുന്നതിനായി ഒരു വിളക്കുമാടത്തിനുള്ള ആശയമുദിക്കുന്നത്.

കടലൂരിലെ വിളക്കുമാടത്തിന്റെ കഥ അടുത്തയാഴ്ച


നിജീഷ് എം.ടി. എഴുതിയ ഈ കുറിപ്പിനോടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…