കൊല്ലം റെയിൽവെ ഗേറ്റിന് സമീപം യുവതിയും പിഞ്ചുകുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച സംഭവം: നടേരിയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ യുവതിയും ഒരുവയസുള്ള മകളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ നടേരിയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. നടേരി മരുതൂര്‍ സ്വദേശിയായ എരഞ്ഞോളികണ്ടി പ്രബിതയുടെയും മകള്‍ അനുഷികയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം ഉന്നയിച്ചാണ് കൗണ്‍സില്‍ രൂപീകരിച്ചത്.
നവംബര്‍ 30 നായിരുന്നു പ്രബിതയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് പ്രബിത കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത് എന്നാണ് ഉയരുന്ന ആരോപണം.
മരുതൂര്‍ ഗവ. എല്‍.പി സ്‌കൂളിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം നടന്നത്. നാട്ടുകാര്‍, പ്രബിതയുടെ ബന്ധുക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊയിലാണ്ടി നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര ടീച്ചര്‍ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ജമാല്‍ മാസ്റ്റര്‍, ആര്‍.കെ.കുമാരന്‍, എം.പ്രമോദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.കെ.അനില്‍കുമാര്‍, കെ.രമേശന്‍, ചന്ദ്രന്‍ കെ, അപര്‍ണ്ണ, വി.കെ.ഷാജി, ടി.കെ.എം.മനോജ്, സി.കെ.ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.
എം.പ്രമോദ് (ചെയര്‍പേഴ്‌സണ്‍), ടി.കെ.എം.മനോജ്, ഷാജു പിലാക്കാട്ട് (വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), ചന്ദ്രന്‍ കെ (കണ്‍വീനര്‍), ആര്‍.കെ.സുരേഷ് ബാബു, ഷാജി വി.കെ (ജോയിന്റ് കണ്‍വീനര്‍മാര്‍), ഇന്ദിര ടീച്ചര്‍, എന്‍.എസ്.വിഷ്ണു, ആര്‍.കെ.കുമാരന്‍, ജമാല്‍ മാസ്റ്റര്‍, ഫാസില്‍ (രക്ഷാധികാരികള്‍) എന്നിവരാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികള്‍.
Also Read: സിൽക്ക് ബസാറിലെ ഇരട്ട മരണത്തിൽ നടുങ്ങി നാട് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…