ഓസീസിനെ 2-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍; 1000-ാമത് മത്സരത്തില്‍ മെസി അടിച്ചത് കിടിലന്‍ ഗോള്‍, ലോകകപ്പിലെ മെസിയുടെ ഒമ്പതാമത് ഗോള്‍ (വീഡിയോ കാണാം)


ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ജൂലിയന്‍ അല്‍വരാസിന്റെയും ഗോളുകളുടെ ചിറകേറിയാണ് അര്‍ജന്റീന ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിക്കൊണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഓസ്‌ട്രേലിയയെ 2-1 നാണ് മെസിയും കൂട്ടരും വീഴ്ത്തിയത്.

മുപ്പത്തിയഞ്ചാം മിനുറ്റിലാണ് ആരാധകര്‍ കാത്തിരുന്ന മെസിയുടെ ആ സുന്ദര ഗോള്‍ പിറന്നത്. മെസിയുടെ തന്നെ ഫ്രീകിക്കില്‍ നിന്നായിരുന്നു തുടക്കം. ഫ്രീകിക്ക് ഓസ്‌ട്രേലിയന്‍ ഡിഫന്റര്‍ സൗട്ടര്‍ ഹെഡ് ചെയ്ത് അകറ്റി. എന്നാല്‍ പന്ത് കിട്ടിയ പാപ്പു ഗോമസ് പുറംകാല്‍ കൊണ്ട് മെസിക്ക് തന്നെ നല്‍കി. മെസി മക് അലിസ്റ്റര്‍ക്ക് പാസ് നല്‍കി. അലിസ്റ്റര്‍ ഓട്ടമെന്‍ഡിക്കും പാസ് നല്‍കി. അപ്പോഴേക്ക് ഓടിക്കയറിയെത്തിയ മെസിക്ക് മുന്നിലേക്ക് ഓട്ടമെന്‍ഡി പന്ത് ഇട്ട് കൊടുത്തു. രണ്ട് ടച്ചുകള്‍ക്കൊടുവില്‍ ഖത്തറിലെ മൈതാനത്ത് മെസി മാജിക്കില്‍ ആ ഗോള്‍ പിറന്നു. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെയാണ് തന്റെ ആയിരാമത് മത്സരത്തില്‍ മെസി ഗോളടിച്ചത്.

എഴുപത്തിയേഴാം മുനുറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പിറന്നത്. രണ്ട് ഗോള്‍ വീണതോടെ സമ്മര്‍ദ്ദത്തിലായ ഓസ്‌ട്രേലിയ പിന്നീട് അക്രമിച്ച് കളിച്ചു. അത് വെറുതെയായില്ല. എഴുപത്തിയേഴാം മിനുറ്റിലാണ് ഓസ്‌ട്രേലിയക്ക് ആശ്വാസ ഗോള്‍ ലഭിച്ചത്. അര്‍ജന്റീനയുടെ പ്രതിരോധം ഒരു നിമിഷം പാളിയപ്പോള്‍ ക്രെയ്ഗ് ഗുഡ്വിന്റെ ഷോട്ട് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ശരീരത്തില്‍ തട്ടിയാണ് പന്ത് പോസ്റ്റിലേക്ക് പോയത്. സെല്‍ഫ് ഗോള്‍. അര്‍ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനസിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്നേ ഗോള്‍ വീണിരുന്നു.

ഡിസംബര്‍ ഒമ്പതിനാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്റ്‌സ് ആണ് എതിരാളികള്‍. യു.എസ്.എയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നെതര്‍ലാന്റ്‌സ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.

എട്ട് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. മെസിയുടെ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ആദ്യ ഗോളാണ് ഇന്നലെ പിറന്നത്. അര്‍ജന്റീനയ്ക്കായി മെസി ലോകകപ്പില്‍ നേടുന്ന ഒമ്പതാമത് ഗോള്‍ കൂടിയായിരുന്നു അത്. ഇതിഹാസതാരം ഡീഗോ മറഡോണയെ ഇതോടെ മെസി പിന്നിലാക്കി. ഇനി മുന്നിലുള്ളത് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ്.

വീഡിയോ കാണാം: