ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി; കരുത്തരായ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് ജപ്പാന്‍
ദോഹ: അട്ടിമറികളുടെ അരങ്ങായി ഖത്തര്‍. ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മ്മനിക്കും ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്.
അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് സമാനമായ തോല്‍വിയാണ് ഇന്ന് ജര്‍മ്മനിയും രുചിച്ചത്. അര്‍ജന്റീനയെ ഏഷ്യന്‍ രാജ്യമായ സൗദിയാണ് ഇന്നലെ അട്ടിമറിച്ചതെങ്കില്‍ മറ്റൊരു ഏഷ്യന്‍ രാജ്യമായ ജപ്പാനാണ് ജര്‍മ്മനിയെ തോല്‍പ്പിച്ചത്. അടിച്ച ഗോളുകളുടെ എണ്ണത്തിലും സമാനതയുണ്ട്. അര്‍ജന്റീനയും ജര്‍മ്മനിയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇരുടീമുകളും പെനാല്‍റ്റിയിലൂടെ ലഭിച്ച ഒരു ഗോളിലൂടെ മുന്നിട്ട് നിന്ന ശേഷമാണ് അട്ടിമറിക്കപ്പെട്ടത്.
മുപ്പത്തിമൂന്നാം മിനുറ്റില്‍ ഗുണ്ടോഗനിലൂടെയാണ് ജര്‍മ്മനി ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയിലെ എഴുപത്തിയഞ്ചാം മിനുറ്റില്‍ ഡൊവാനാണ് ജപ്പാനായി സമനില ഗോള്‍ നേടിയത്. തലേന്ന് അര്‍ജന്റീനയ്‌ക്കെതിരെ സൗദി വിജയഗോള്‍ നേടിയതിന് സമാനമായി മിനുറ്റുകള്‍ക്കകം രണ്ടാമത്തെ ഗോളും ജപ്പാന്‍ നേടി. എട്ട് മിനുറ്റുകള്‍ക്ക് ശേഷം അസാനോ ആണ് ജപ്പാനായി വിജയഗോള്‍ നേടിയത്.
ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്‌സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി. ആള്‍ബലമുണ്ട്. ആവനാഴി നിറയെ ആയുധവുമുണ്ട്. ഒന്നും വേണ്ടവണ്ണം ഉപയോഗിക്കാനാവാതെയാണ് ജര്‍മനി ജപ്പാന്റെ മിടുക്കിന് മുന്നില്‍ സുല്ലിട്ടത്.
മധ്യനിരയില്‍ നിന്ന് ഉയലെടുത്ത എണ്ണിയാലൊടുങ്ങാത്ത നീക്കങ്ങള്‍ കൊണ്ട് അവര്‍ ജപ്പാനെ നിരന്തരം ഭീഷണിപ്പെടുത്തി. എന്നാല്‍, സൗദി അര്‍ജന്റീനയോട് ചെയ്തതുപോലെ ജപ്പാന്‍ അവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടി. അതില്‍ ചെറിയ വിള്ളലുണ്ടാകുമ്പോള്‍ ഗോളിന് വഴിമുടക്കി ഗോണ്ടയും നിന്നു. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. അതില്‍ ജര്‍മന്‍ പ്രതിരോധമതില്‍ പലപ്പോഴും തകര്‍ന്ന് നിലംപരിശായി. ഇങ്ങനെ വന്ന രണ്ട നീക്കങ്ങളാണ് അവരുടെ അന്ത്യം കുറിച്ച ഗോളുകള്‍ക്ക് വഴിയൊരുക്കിയതും.