കാലാവസ്ഥാ നിരീക്ഷകരായി കുട്ടികളെത്തും; പന്തലായനി എച്ച്.എസ്.എസ് ഉള്‍പ്പെടെ ജില്ലയിലെ പതിനെട്ട് സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വരുന്നു


കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്ന സ്കൂളുകളുടെ ലിസ്റ്റില്‍ കൊയിലാണ്ടി പന്തലായനി ഗവ ഗേള്‍സ് എച്ച്.എസ്.എസ്സ്, നടുവണ്ണൂര്‍ എച്ച്.എസ്.എസ്, അത്തോളി എച്ച്.എസ്.എസ് തുടങ്ങിയവയും ഇടം പിടിച്ചിട്ടുണ്ട്.

കേരളത്തില്‍ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായി വരുന്ന ഇരുന്നൂറിലധികം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പന്തലായനി ബി.ആര്‍.സിയിലെ അത്തോളി ജി.വി.എച്ച്.എസ്.എസ്സ്, കൊയിലാണ്ടി പന്തലായനി ജി.എച്ച്.എസ്.എസ്സ് എന്നിവിടങ്ങളില്‍ അധികം വൈകാതെ വെതര്‍ സ്റ്റേഷന്‍ വരും.

ഭൂമിശാസ്ത്ര പഠനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടാക്കാനും നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ എളുപ്പത്തിലും രസകരവുമായി ജ്യോഗ്രഫി പഠിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി.
പദ്ധതി പ്രകാരം മഴയുടെ അളവ്,അന്തരീക്ഷ ആര്‍ദ്രത,അന്തരീക്ഷ ഊഷ്മാവ്,കാറ്റിന്റെ ദിശ,കാറ്റിന്റെ വേഗത എന്നിവ എല്ലാദിവസവും വിദ്യാര്‍ത്ഥികള്‍ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തണം.

പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ ഊഷ്മാവ് അളക്കുന്നതിനുള്ള തേര്‍മോ മീറ്റര്‍, ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും രേഖപ്പെടുത്തുന്നതിന് ഉള്ള മാക്‌സിമം മിനിമം തെര്‍മോ മീറ്റര്‍, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള വിന്‍ഡ് വെയ്ന്‍, കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള കപ് അനിമോമീറ്റര്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനി എന്നീ അഞ്ച് ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിക്കുക.

അടിക്കടിയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തെ വലിയ ദുരന്തമുഖത്തേക്ക് എത്തിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെ കാലാവസ്ഥ സൂക്ഷമമായി നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും, കാലാവസ്ഥ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനും സ്കൂള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സഹായകമാവും. പ്രാദേശികതലത്തിലുണ്ടാവുന്ന കാലാവസ്ഥാ മാറ്റം കണ്ടെത്തി പൊതുജനങ്ങളും ഭരണസംവിധാനങ്ങളുമായി സംവദിക്കാനും പ്രകൃതി ദുരന്തങ്ങളെ മുന്‍കൂര്‍ അറിഞ്ഞ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്താനും ഒരു പരിധിവരെയെങ്കിലും വെതര്‍ സ്റ്റേഷന്‍ ഗുണം ചെയ്യും.


കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അത് ഒരു ഡാറ്റാ ബേസിലേക്ക് മാറ്റി ആവശ്യസമയത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എടുക്കുന്നതിനും അത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തുന്നതിനും വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കും സര്‍ക്കാറിന്റെ വകുപ്പുതല ആസൂത്രണങ്ങള്‍ക്കും സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ക്രോഡീകരിച്ച് വെക്കുന്ന ഇത്തരം വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ജില്ലാ തല കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 17ന് കായണ്ണ എച്ച്.എസ്.എസ്സില്‍ വെച്ചാണ് നടക്കുക.