അമിത വേഗതയല്ലേ എന്ന ചോദ്യത്തിന് പരിചയ സമ്പന്നനായ ഡ്രൈവർ ആണ് എന്നായിരുന്നു മറുപടിയെന്ന് വിദ്യാർത്ഥികൾ, അവർ ഓവർ സ്പീഡായിരുന്നു, ഓടികൂടിയവരാരും ടൂറിസ്റ്റ് ബസ് കണ്ടില്ല എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ; വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ നിരവധി പേർ ഗുരുതര നിലയിൽ തുടരുന്നു
പാലക്കാട്: ഏറെ ആഘോഷ പൂർവ്വം ആരംഭിച്ച യാത്ര മണിക്കൂറുകൾ പിന്നിടുമ്പോൾ സാക്ഷ്യം വഹിച്ചത് മഹാ ദുരന്തത്തിന്. രാത്രിയായതോടെ ചിലർ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, മറ്റു ചിലർ സിനിമ കണ്ടു കൊണ്ട് യാത്ര ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴുമാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമെന്ന് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ.
‘ഭയങ്കര സങ്കടമുണ്ട്, ഞങ്ങടെ ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ എല്ലാവരുടെയും അവസ്ഥ എന്താണെന്നു പോലുമറിയില്ല, പല ആശുപത്രികളായിലാണ്. വണ്ടി എടുത്തപ്പോൾ തൊട്ട് അമിത വേഗതയിലായിരുന്നു, സ്പീഡ് അല്ലെ എന്ന് ചോദിച്ചപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവർ ആണെന്നായിരുന്നു മറുപടി’ വാഹനാപകടത്തിൽ രക്ഷപെട്ട വിദ്യാർത്ഥികൾ പറഞ്ഞു. ഏഴു മണിയോട് കൂടിയാണ് എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് 48 പേരരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്.
അമിത വേഗതയിലെത്തിയ ബസ് വലതുഭാഗത്ത് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തു. പെട്ടെന്ന് ബ്രേക്ക് പിടിച്ച് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.
‘നിയന്ത്രിക്കാന്‍ കഴിയാത്ത സ്പീഡിലായിരുന്നു അവര്‍ വന്നത്. അത്രയും സ്പീഡായിരുന്നു. ഞങ്ങളെ ഇടിച്ച് ദൂരെ കുഴിയിലേക്ക് മറിഞ്ഞു. അപകടശബ്ദം കേട്ട് വന്നവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് ടൂറിസ്റ്റ് ബസ് കണ്ടത്’, ഡ്രൈവര്‍ പറഞ്ഞു. കൊട്ടാരക്കര – കോയമ്പത്തൂർ കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നാല്‍പ്പതിലേറെ പേർക്ക് പരിക്കുണ്ട്.
മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. മൃതദേഹങ്ങളും പരിക്കേറ്റവരേയും സമീപത്തെ സ്വകാര്യ-സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഒരു ഭാഗം പൂർണ്ണമായും റ്റോഴ്സിറ്റി ബസ്സിനകത്തായി പോയിരുന്നു, ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്.
വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ് ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22) എന്നിവരാണ് മരിച്ചത്.