കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുത്തത് നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കോഴിക്കോട്: സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയ ഗഘ15അ2323 നമ്പറിലുള്ള ബസ്സാണ് കുടുങ്ങിയത്.
നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. ഒരു പില്ലര്‍ ഗാര്‍ഡ് പൊളിച്ചു മാറ്റിയാണ് ബസ് പുറത്തെടുത്തത്.
രാവിലെ യാത്ര പുറപ്പെടുന്നതിന് മുമ്പായി ബസ് ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോഴാണ് സംഭവം. തൂണുകള്‍ക്കിടയില്‍ പില്ലര്‍ ഗാര്‍ഡ് ഉള്ളതിനാല്‍ ബസ് പുറത്തേക്ക് എടുക്കാന്‍ കഴിയാതാവുകയായിരുന്നു. വിന്‍ഡോ ഗ്ലാസ് പൊട്ടുമെന്ന സ്ഥിതിയായപ്പോള്‍ ബസ് ട്രാക്കില്‍ തന്നെ നിര്‍ത്തേണ്ടിവന്നു.
വര്‍ക്ക് ഷോപ്പില്‍ നിന്ന് ജീവനക്കാരെത്തിയവരാണ് പില്ലര്‍ ഗാര്‍ഡ് അഴിച്ചു മാറ്റിയത്. ഡ്രൈവറുടെ പരിചയക്കുറവാണ് ബസ് കുടുങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ബസ് ടെര്‍മിനലിന്റെ അശാസ്ത്രീയമായ നിര്‍മ്മാണവും ഇതിന് കാരണമായെന്ന് വിമര്‍ശനമുണ്ട്. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തിയിടാന്‍ ആവശ്യമായ സ്ഥലം ഇല്ലാതെയാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചത്.
സംഭവത്തില്‍ സ്വിഫ്റ്റ് മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചു. സി.എം.ഡി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.