വിയ്യൂര്‍ ചോര്‍ച്ചപ്പാലം അപകടാവസ്ഥയില്‍; അടിപ്പാത വഴിയുള്ള യാത്രയ്ക്ക് നിരോധനം


കൊയിലാണ്ടി: കൊല്ലത്തുനിന്ന് വിയ്യൂര്‍, പന്തലായനി ഭാഗങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന ചോര്‍ച്ചപ്പാലത്തിന്റെ അടിപ്പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാലം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് കുറ്റ്യാടി ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അടിപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തുകാണുന്ന നിലയിലാണ്. പാലത്തിന് മുകളിലൂടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിന്‍ കനാല്‍ കടന്നുപോകുന്നുണ്ട്. കനാല്‍ ജലവിതരണ പദ്ധതിയ്ക്കാണ് ഈപാലം നിര്‍മ്മിച്ചത്. ഉണ്ടാക്കിയ കാലം മുതല്‍ പാലത്തിന്റെ ഇരുവശത്തെയും ബലക്ഷയം കാരണം ചോര്‍ച്ചയുണ്ടായിരുന്നു. ഇക്കാരണംകൊണ്ടാണ് പാലത്തിന് ചോര്‍ച്ചപ്പാലം എന്ന പേരുവന്നത്. കനാലില്‍ വെള്ളമെത്തിക്കഴിഞ്ഞാല്‍ പാലത്തിനടിയില്‍ എപ്പോഴും വെള്ളക്കെട്ടായിരിക്കും.

സ്‌കൂള്‍ തുറക്കുന്നതോടെ നിരവധി വിദ്യാര്‍ഥികള്‍ പാലത്തിനടിയിലൂടെയുള്ള റോഡിലൂടെ പോകും. അപകട സാധ്യത മുന്നില്‍ കണ്ടാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.