ഒരുമിച്ചിരുന്ന് പഴയകാല ഓര്‍മകള്‍ ഓര്‍ത്തെടുക്കാം, ആസ്വദിക്കാം; നടുവത്തൂരില്‍ വയോജനങ്ങള്‍ക്കായി 50 ലക്ഷത്തിന്റെ പകല്‍ വീട്‌


നടുവത്തൂർ: കളിക്കൂട്ടം ഗ്രന്ഥശാലയുടെയും പകൽ വീടിന്റെയും കെട്ടിടം നിർമ്മാണത്തിനായുള്ള ധനശേഖരണത്തിനായി പുറത്തിറക്കുന്ന സംഭാവന സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമൽ സരാഗ നിർവഹിച്ചു. കുമാരൻ സോപാനം ആദ്യകൂപ്പൺ ഏറ്റുവാങ്ങി. പുതിയ കെട്ടിടത്തിന് സമീപം വെച്ച് നടന്ന പരിപാടിയിൽ കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എടത്തിൽ രവി മുഖ്യപ്രഭാഷണം നടത്തി.

ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പകൽ വീടും മുകളിൽ ലൈബ്രറിയുമായാണ് പുതിയ കെട്ടിടം പണിയുന്നത്‌. കെട്ടിട നിർമ്മാണത്തിന് വേണ്ടി 25 ലക്ഷം രൂപ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ ഗ്രാൻഡ് അനുവദിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ലൈബ്രറി വിഹിതമായ 25 ലക്ഷം നാട്ടുകാരിൽ നിന്നും പിരിച്ചെടുക്കേണ്ടതുണ്ട്.

വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാരെ ഇവിടെ എത്തിച്ച് ഭക്ഷണവും വിനോദവും ഇടയ്ക്കൊക്കെ മെഡിക്കൽ പരിശോധനയും നൽകി വൈകുന്നേരം വീടുകളിൽ തിരിച്ചെത്തിക്കുന്ന വിപുലമായ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. നാട്ടുകാരിൽ നിന്നും പണം പിരിച്ചാണ്‌ പുതിയ കെട്ടിടത്തിനായുള്ള 9 സെൻറ് സ്ഥലം ലൈബ്രറി കമ്മിറ്റി സ്വന്തമാക്കയത്. ഇനിയും സംഭാവനയുമായി ജനങ്ങളെ സമീപിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് സമ്മാനക്കൂപ്പനുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

ടി.കെ ഗോപാലൻ, ഷിജു.കെ, ടി.കെ വിജയൻ, ജലീൽ കെ.എം, ശ്രീനി കുന്നുംബത്ത് ,രജിത്ത് ടി.കെ, രാധാകൃഷ്ണൻ ദേവദാരം, ഹമീദ് ടി.എ, സുകുമാരൻ വി.വി, സുധീർ കെ ,രാജൻ നടുവത്തൂർ എന്നിവർ പ്രസംഗിച്ചു. ഇരുനില കെട്ടിടത്തിന്റെ താഴെ നിലയിൽ പകൽ വീടും മുകളിൽ ലൈബ്രറിയുമാണ് ഇതിന്റെ പ്രവർത്തകർ ലക്ഷ്യമിടുന്നത്.