തെരുവുനായ കുറുകെ ചാടി; രാമനാട്ടുകരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു


കോഴിക്കോട്: രാമനാട്ടുകരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ സൗരവ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു സൗരവ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ മലപ്പുറം ഐക്കരപ്പടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതോടെ സൗരവ് സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ മറിയുകയായിരുന്നു.

വാഴക്കാട് റോഡിലെ സ്ഥാനാര്‍ഥിപടിയില്‍ തെരുവുനായ റോഡ് മുറിച്ചുകടന്നപ്പോള്‍ ഇടിയ്ക്കാതിരിക്കാനായി ബ്രേക്കിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ തെന്നിമാറി മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പ്പെട്ടാണ് സൗരവിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഹരിശങ്കറിനും പരിക്കേറ്റു. ഹരിശങ്കറിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹം ചികിത്സയിലാണ്.