അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടിച്ചത് വിശദമായ ദേഹപരിശോധനയില്‍, കരിപ്പൂരില്‍ പിടിയിലായ പത്തൊന്‍പതുകാരി സ്വര്‍ണ്ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം; ഞായറാഴ്ച നടന്നത് വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തുന്ന 87-ാമത് സ്വര്‍ണ്ണവേട്ട


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പത്തൊന്‍പതുകാരി ഒന്നേമുക്കാല്‍ കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയാണ് കാസര്‍കോഡ് സ്വദേശിനിയായ ഷഹല സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസിന്റെ പിടിയിലായത്.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഞായറാഴ്ച രാത്രിയാണ് ഷഹല കരിപ്പൂരിലെത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് യുവതി സ്വര്‍ണ്ണം കടത്തുന്നതായുള്ള രഹസ്യവിവരം നേരത്തേ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷഹലയുടെ ലഗേജ് അരിച്ച് പെറുക്കിയിട്ടും ആദ്യഘട്ടത്തില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വനിതാ പൊലീസുകാര്‍ ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത നിലയില്‍ മിശ്രിതരൂപത്തിലുള്ള 1.8 കിലോഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉള്‍വസ്ത്രത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരുകോടി രൂപയോളം വിലവരും.

മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങള്‍ക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നല്‍കിയതെന്നും പോലീസ് പറയുന്നു. താന്‍ സ്വര്‍ണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയില്‍ സ്വര്‍ണമുണ്ടെന്നോ ഒരുഘട്ടത്തില്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.

അതേസമയം, ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.

ഷഹലയെ അറസ്റ്റ് ചെയ്ത സംഭവം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുന്ന 87-ാമത് സ്വര്‍ണ്ണക്കടത്ത് കേസാണ്. വിമാനത്താവളത്തിനകത്ത് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം പുറത്ത് എത്തിച്ചാലും കരിപ്പൂരില്‍ പോലീസിന്റെ നിരീക്ഷണവലയമുണ്ടാകും. മിക്ക കേസുകളിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്. എന്നാല്‍ ഇതെല്ലാം കസ്റ്റംസ് പരിശോധന കഴിഞ്ഞ് വരുന്ന യാത്രക്കാരില്‍നിന്നാണെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും സ്വര്‍ണക്കടത്ത് തടയുകയുമായിരുന്നു ഹെല്‍പ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് പുറത്തെ പോലീസ് എയ്ഡ് പോസ്റ്റിന് പുറമേയായിരുന്നു ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകളും കവര്‍ച്ചയും പതിവായതോടെയാണ് വിമാനത്താവളത്തിന് പുറത്ത് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്. 2021ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും ഇതിന് കാരണമായി. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വര്‍ണക്കടത്ത് പിടികൂടി പോലീസ് മികവ് കാട്ടി. പിന്നീടങ്ങോട്ട് ഒട്ടേറെ പേരെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരെയാണ് പോലീസ് സംഘം പ്രധാനമായും നിരീക്ഷിക്കുക. നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലോ എന്തെങ്കിലും സംശയം തോന്നിയാലോ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരും പോലീസിന്റെ നിരീക്ഷണവലയത്തിലുണ്ടാകും.

അടുത്തിടെ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടിയതും പോലീസിന്റെ നേട്ടമായിരുന്നു. രണ്ട് യാത്രക്കാര്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടായ മുനിയപ്പയെ പോലീസ് പിടികൂടിയത്. ഏകദേശം 25,000 രൂപയായിരുന്നു മുനിയപ്പയുടെ ‘കടത്തുകൂലി’. കള്ളക്കടത്ത് തടയാന്‍ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കടത്ത് സ്വര്‍ണവുമായി പോലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പിടികൂടിയത്.


Related News: സ്വർണം മിശ്രിതം അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്തു, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി 19 കാരി പിടിയിൽ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…