തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു


തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്.

കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും കുറവായിരുന്നു. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടം.

തൃശൂര്‍ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് വിന്‍സന്റ്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.