‘നേതൃത്വത്തിന് നട്ടെല്ലില്ലായെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്” യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാള്‍ക്ക് ദേശീയ ഭാരവാഹിത്വം നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് കൊയിലാണ്ടി സ്വദേശി കൂടിയായ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജറില്‍ ബോസ്
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനെതിരെ കേസ് കൊടുത്തയാളെ ദേശീയ ഭാരവാഹിയാക്കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം. കോഴിക്കോട് കിനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷഹബാസ് വടേരിയെയാണ് ഗവേഷണ വിഭാഗം അസോസിയേറ്റായി നിയമിച്ചത്. ഷഹബാസിന് സ്ഥാനം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.ജറില്‍ ബോസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നട്ടെല്ലില്ലാ എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്നും, സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു നിയമനം ആണ് ഷഹബാസിന്റേതെന്നുമാണ് ജറില്‍ ബോസ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. ജറില്‍ ബോസ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ചേമഞ്ചേരി സ്വദേശിയാണ്. ഷഹബാസിന്റെ നിയമനത്തിനെതിരെ വിമര്‍ശനവുമായി ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ ഷഹബാസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് കോഴിക്കോട് ഒന്നാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിലാണ് ഷഹബാസ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ജൂലൈ 28ന് തിരഞ്ഞെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്ത് കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതൃത്വം ഇടപെട്ട് ഷഹബാസിനെക്കൊണ്ട് ഹര്‍ജി പിന്‍വലിപ്പിക്കുകയായിരുന്നു.