ചോദ്യം ചെയ്തപ്പോൾ സ്വർണ്ണമില്ലെന്ന് മറുപടി, ല​ഗേജുകൽ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല, ഒടുവിൽ എക്‌സ്- റേ പരിശോധനയിൽ കുടുങ്ങി; കരിപ്പൂരിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ 


മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം പിടിച്ചെടുത്തു. മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനയിരുന്നു ശ്രമം. എയർപോർട്ടിന് പുറത്തുവെച്ചാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 47 ലക്ഷം രൂപ വില വരും.

ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് ബോക്‌സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സ്- റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്‌സ്യൂളുകള്‍ ദൃശ്യമായത്.

ജംഷീറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Summary: Youth arrested with gold worth Rs 47 lakh in Karipur