പോലീസിനെ കണ്ട് ഭയന്നോടി; കാസർകോട് യുവാവ് കിണറ്റില്‍ വീണ് മരിച്ചു


കാസർകോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

എണ്ണപ്പാറയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ പണംവെച്ചു കൊണ്ടുള്ള ചൂതാട്ടം (കുലുക്കിക്കുത്ത്) നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇവിടേക്ക് പോലീസ് എത്തുകയായിരുന്നു. പോലീസ് എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചിതറി ഓടി. കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെ പൊട്ടണക്കിണറ്റിൽ വീഴുകയായിരുന്നു.

കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ പൊട്ടകിണറ്റിലാണ് വിഷ്ണു വീണത്. തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.