എതിരാളികളെ മറികടന്ന് അർജന്റീനയും ബ്രസീലും സെമിയിലെത്തുമോ? ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആകാംക്ഷയോടെ ആരാധകർ


ദോഹ: സമർഥരായ ബൽജിയം, പ്രസിദ്ധമായ ജർമനി, സമത്വമറ്റ സ്പെയിൻ… മൂന്നു വൻമരങ്ങളടക്കം 24 ടീമുകൾ വീണടിഞ്ഞിരിക്കുന്നു. ഇനി ഈ ലോകകപ്പിൽ ശേഷിക്കുന്നത് 8 ടീമുകൾ. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട് ഇനി ഉയരും. ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിനു യോഗ്യത നേടിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് ഇക്കൂട്ടത്തിലെ സർപ്രൈസ്. ഫേവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ് ക്രൊയേഷ്യ, 2010ലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്സുമുണ്ട്. പ്രീക്വാർട്ടറിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ സാന്നിധ്യവും നോക്കൗട്ടിലെ ബാക്കിയുള്ള മത്സരങ്ങൾ ആകാംക്ഷാഭരിതമാക്കുന്നു.

വെള്ളി രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ബ്രസീല്‍-ക്രൊയേഷ്യ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും. രാത്രി 12.30ന് അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെ നേരിടും. ശനി രാത്രി 8.30ന് പോര്‍ച്ചുഗല്‍-മോറോക്കോ, രാത്രി 12.30ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരങ്ങളും നടക്കും.

ആറാം കിരീടം ലക്ഷ്യം വെയ്ക്കുന്ന ബ്രസീലിന് നിര്‍ണായക ചുവടുവയ്പ്പാണ് ഇന്നത്തെ പോരാട്ടം. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. 2014ല്‍ സെമിയിലും 2006, 2010, 2018 ലോകകപ്പുകളില്‍ ക്വാര്‍ട്ടറിലുമാണ് ബ്രസീല്‍ വീണത്.

2014ലെ ലോകകപ്പ് സെമി ഫൈനൽ തനിയാവർത്തനമായാണ് മെസ്സിപ്പട ഡച്ചുകാർക്കെതിരെ ശനിയാഴ്ച രാത്രിയിൽ ഇറങ്ങുന്നത്. എട്ടു വർഷം മുമ്പ് 120 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതി​നൊടുവിൽ ഷൂട്ടൗട്ടിൽ അർജന്റീന കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. 1978ലെ ഫൈനലിലുൾപ്പെടെ ലോകകപ്പിൽ അഞ്ചു തവണയാണ് ഇരു ടീമുകളും നേരിട്ടത്. നെതർലൻഡ്സിനെതിരെ ആദ്യ 90 മിനിറ്റിൽ ജയിക്കാനയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാകും മെസ്സിപ്പടക്കു മുന്നിലെ ദൗത്യം.

പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അർജന്റീനൻ താരം ഏഞ്ചല്‍ ഡി മരിയ ടീമില്‍ തിരിച്ചെത്തുന്നു. ടീമിനൊപ്പം താരം പരിശീലനം നടത്തുണ്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരായ മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിനിടയില്‍ താരത്തെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ഡി മരിയക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.

ക്വാർട്ടർ മത്സരങ്ങളോടെ കപ്പ് നേടുന്ന വിജയികളുടെ എകദേശം ചിത്രം ലഭിക്കും. ബ്രസീൽ- അർജന്റീന സ്വപ്ന മത്സരം നടക്കുമോ എന്ന ആകാഷയിലാണ് ആരാധകർ. ക്വാർട്ടറിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിയിൽ അർജന്റീന- ബ്രസീൽ പോരാട്ടും മുറുകുമെന്നുറപ്പ്. ബ്രസീലും-അര്‍ജന്റീനയും സെമിയിലേക്ക് മുന്നേറിയാല്‍ അത് ചരിത്രമാകും. പ്രതീക്ഷകള്‍ തകിടം മറിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 14ന് രാത്രി 12.30 രാത്രി ഫുട്‌ബോളിന്റെ തമ്പുരാക്കന്‍മാര്‍ നേര്‍ക്കുനേര്‍ വരും.

ലോകകപ്പില്‍ ഇതുവരെ നാല് തവണയാണ് ബ്രസീലും-അജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. രണ്ട് തവണ ബ്രസീല്‍ ജയിച്ചു. ഒരു ജയം അര്‍ജന്റീന നേടിയപ്പോള്‍ ഒരു മത്സരം സമനിലയായി. 32 വര്‍ഷം മുന്‍പ് ഇറ്റലിയില്‍ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അര്‍ജന്റീന ജയിച്ചു.